എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് നിരക്ക് കൂടും
ന്യുഡല്‍ഹി: ബാങ്കുകളുടെ എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനം. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ നീക്കത്തിന് റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. എ.ടി.എം വഴിയുള്ള നിശ്ചിത പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 21 രൂപ വീതം ഈടാക്കാനാണ് ബാങ്കുകള്‍ക്ക് അനുമതി. 2022 ജനുവരി 1 മുതല്‍ ഇത് നിലവില്‍ വരും.
നിലവില്‍ നിശ്ചിത തവണ കഴിഞ്ഞുള്ള എ.ടി.എം പണം പിന്‍വലിക്കലിന് ഓരോന്നിനും 20 രൂപയാണ് ഈടാക്കുന്നത്. അതാത് ബാങ്കുകളുടെ എ.ടി.എം വഴി അഞ്ച് തവണ സൗജന്യ പണ, പണഇതര ഇടപാടുകള്‍ നടത്താം. അതിനു ശേഷമുള്ളവയ്ക്കാണ് 20 രൂപ ഈടാക്കിവരുന്നത്. മെട്രോ സിറ്റികളില്‍ ഇത് മൂന്നു തവണയാണ്.
കൂടാതെ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇന്റര്‍ചെയ്ഞ്ച് ട്രാന്‍സാക്ഷനുകളുടെ നിരക്ക് 15 രൂപയില്‍ നിന്ന് 17 രൂപയായി ഉയര്‍ത്താനും അനുമതിയുണ്ട്. പണ ഇതര ഇടപാടുകള്‍ക്ക് ഇത് ആറ് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കും. ഈ വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ ഈ നിരക്ക് നിലവില്‍ വരും. നികുതി ബാധകമായ ഇടപാടുകളില്‍ കൂടുതല്‍ നിരക്ക് വരും.
ഏഴ് വര്‍ഷത്തിനു ശേഷമാണ് എ.ടി.എം ഇടപാടുകളുടെ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതിനു മുന്‍പ് 2012 ഓഗസ്റ്റിലായിരുന്നു നിരക്ക് ഘടന പുതുക്കി നിശ്ചയിച്ചത്. കാര്‍ഡുകളുടെ നിരക്ക് പുതുക്കിയത് 2014 ഓഗസ്റ്റിലും.