ബേത്തൂര്‍പാറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് പണിയും: സി എച്ച് കുഞ്ഞമ്പു എംഎല്‍എ
ബേത്തൂര്‍പാറ: ബേത്തൂര്‍പാറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി രണ്ടര കോടി രൂപ ചെലവില്‍ രണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. 500 കുട്ടികളില്‍ കൂടുതലുള്ള വിദ്യാലയങ്ങള്‍ക്കുള്ള കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ച് ശോചനീയാവസ്ഥയിലുള്ള ഒരു കെട്ടിടം പൊളിച്ച് പണിയും. ഇതില്‍ എട്ട് ക്ലാസ് മുറികളും ആറ് ശൗചാലയങ്ങളും ഒരു വനിതാ സൗഹൃദ ശൗചാലയവും നിര്‍മിക്കും. പ്രവര്‍ത്തിയുടെ ടെന്‍ഡര്‍ ചെയ്തതിനാല്‍ ഒന്നര മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തി ആരംഭിക്കാനാവും എന്നും എം.എല്‍.എ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ വകുപ്പിന്റെ ഒന്നരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് നാല് ക്ലാസ് മുറികളും രണ്ട് ലാബുകളുമാണ് പണിയുന്നത്.
രണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളും കഴിയുന്ന മുറയ്ക്ക് ശോചനീയാവസ്ഥയിലായ രണ്ടാമത്തെ കെട്ടിടവും പുതുക്കി പണിയുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.