കൂടെ നില്‍ക്കേണ്ട സമയത്ത് സംസ്ഥാനങ്ങളെ കേന്ദ്രം അപമാനിക്കുന്നു ; ബിജെപി ഭാരതീയ ഝഗഡാ പാര്‍ട്ടിയെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൂടെ നില്‍ക്കേണ്ട സമയത്ത് പകരം ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളെ അപമാനിക്കാനാണ് കേന്ദ്രം സമയം ചെലവഴിക്കുന്നതെന്ന് ആക്ഷേപിച്ച് ഡല്‍ഹി സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും കൊമ്പുകോര്‍ക്കല്‍ തുടരുമ്പോഴാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിമര്‍ശനവുമായി വന്നിരിക്കുന്നത്.
കേന്ദ്രത്തിന്റെ അനുവാദത്തിനായി ഡല്‍ഹി സര്‍ക്കാര്‍ കാത്തു നില്ക്കുമ്പോള് റേഷന്‍ മാഫിയ എന്ന് വിളിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിക്കുന്നത്. ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെജ്രിവാളും മനീഷ് സിസോദിയയും രൂക്ഷമായിട്ടാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. കോവിഡ് വാക്സിന്, പന്ത്രണ്ടാം ക്ലാസ്സുകാരുടെ പരീക്ഷ മാറ്റി വെയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രം അവഗണിച്ചു. ഒടുവില്‍ സുപ്രീം കോടതി ഇടപെട്ടു. ഇപ്പോള്‍ റേഷന്‍ കാര്യത്തിലും ആം ആദ്മി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുകയാണ് കേന്ദ്രമെന്ന് മനീഷ് സിസോദിയ വിമര്‍ശിച്ചു.
”ദിവസം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനെ അപമാനിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്രസര്‍ക്കാരിനെ അല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടത് എന്താണോ അത് ചെയ്തു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം നില്ക്കുന്ന കേന്ദ്രത്തെയാണ്.” കെജ്രിവാള് ട്വീറ്റ് ചെയ്തു. ”130 കോടി ജനങ്ങളും മെച്ചപ്പെടുമ്പോഴാണ് രാജ്യം വികസിക്കുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ഒരുമിച്ച് ഒരു ടീം പോലെ പ്രവര്‍ത്തിക്കണം. പകരം ഇത്രയേറെ അപമാനിക്കുന്നത് നന്നല്ല.” എന്നും കെജ്രിവാള് പറഞ്ഞു.
ആംആദ്മി പാര്‍ട്ടി റേഷന്‍ മാഫിയയ്ക്ക് കീഴിലാണെന്ന് നേരത്തേ രവിശങ്കര്‍ പ്രസാദ് ആരോപിച്ചതിനായിരുന്നു കെജ്രിവാളിന്റെ മറുപടി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മതിയായ രീതിയില്‍ ഓക്സിജന്‍ പോലും നല്‍കാത്തവരാണ് വാതില്ക്കല് റേഷന്‍ നല്കാന് പോകുന്നതെന്നും കേന്ദ്രമന്ത്രി ആക്ഷേപിച്ചിരുന്നു. എന്നാല്‍ ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ജനങ്ങളിലല്ല ശ്രദ്ധയെന്നും പകരം അവരുടെ എതിരാളികള്‍ ഭരിക്കുന്ന പശ്ചിമബംഗാളിലെയും ഝാര്‍ഖണ്ഡിലെയും മഹാരാഷ്ട്രയിലെയും സര്‍ക്കാരിനെ നല്ലത് ചെയ്താല്‍ പോലും വിമര്ശിക്കുന്നതിലാണെന്നും മനീഷ് സിസോദിയ വിമര്‍ശിക്കുന്നു.
എല്ലാ ദിവസവും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന നാലോ അഞ്ചോ സംസ്ഥാനങ്ങളെ വിമര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോക്കാറുണ്ട്. ഓക്സിജന്‍ വിതരണം, വാക്സിനുകള്‍, റേഷന്‍, കോവിഡ് 19 മാനേജ്മെന്റ് എന്നിങ്ങനെ പൊതുവായ അനേകം കാര്യം ഉണ്ടെങ്കിലും ഒന്നും ചെയ്യാതിരിക്കലാണ് പണിയെന്നും സിസോദിയ വിമര്‍ശിച്ചു. ഓക്സിജനും വാക്സിനും ഉള്‍പ്പെടെയുളള കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ട ശേഷമാണ് കേന്ദ്രം എന്തെങ്കിലും ചെയ്യാന്‍ പോലും തുനിഞ്ഞത്. എന്തുകൊണ്ടണ് ഓക്സിജന്‍ വിതരണത്തില്‍ നേരത്തേ നടപടിയെടുക്കാഞ്ഞതെന്നും സിസോദിയ ചോദിച്ചു.
12ാം ക്ലാസ്സുകളുടെ പരീക്ഷ റദ്ദാക്കാന്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഗവണ്മെന്റുകളും പരീക്ഷ റദ്ദാക്കുന്നത് ആലോചിക്കുമ്പോള്‍ അതിനെ എതിര്‍ത്തത് ബിജെപി നേതാക്കളാണ്. എന്തുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ വരെ പരീക്ഷ റദ്ദാക്കാന്‍ കാത്തത് എന്നും സിസോദിയ ചോദിച്ചു. വാക്സിന്റെ കാര്യം വന്നപ്പോഴും സംസ്ഥാനം കേന്ദ്രത്തിനോട് അപേക്ഷിച്ചു. എന്നാല്‍ അവര്‍ കണ്ണും കാതുമടച്ചിരുന്നു. ഒടുവില്‍ ഇക്കാര്യത്തിലും സുപ്രീംകോടതി ഇടപെട്ടതോടെ കേന്ദ്രം സംസ്ഥാനങ്ങളുടെ അപേക്ഷ സ്വീകരിക്കേണ്ടി വന്നു.
പിസാ അടക്കമുള്ളവ വീട്ടുപടിക്കല്‍ കിട്ടുമ്പോള്‍ റേഷന്‍ എന്തുകൊണ്ട് അവിടെ കൊണ്ടു കൊടുത്തുകൂട എന്ന് ബിജെപി പറയണം. അതിന് പകരം അക്കാര്യം ചോദിച്ച കെജ്രിവാളിന് എതിരേ അഴിമതിയാരോപണം നടത്താനായിരുന്നു ബിജെപി നേതാക്കള്‍ക്ക് താല്‍പ്പര്യം. നല്ലകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളെ അപമാനിക്കാനും അവര്‍ക്ക് മേല്‍ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ഒരു കേന്ദ്രസര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ മടുത്തു.
ജനങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തിലേറ്റിയത് ഭാരതീയ ജനതാപാര്ട്ടിയെയാണ്. എന്നാല്‍ അതിപ്പോള്‍ ഭാരതീയ ഝഗഡാ (കലഹം) പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും സിസോദിയ ആക്ഷേപിച്ചു. കലഹം നിര്‍ത്തി രാജ്യത്തിന്റെ വികസനത്തിനായി സംസ്ഥാനങ്ങളോടൊപ്പം കൈകോര്‍ത്ത് നില്ക്കുന്ന ഒരു സര്‍ക്കാരിനെയാണ് കേന്ദ്രത്തില്‍ പൗരന്മാര്ക്ക് വേണ്ടതെന്നും പറഞ്ഞു.