പയ്യന്നൂര്‍ ഗവ: താലൂക്ക് ആശുപത്രിയിലെ ബന്ധുനിയമനത്തില്‍ യു.ഡി.എഫ് പരാതി നല്കി.
പയ്യന്നൂർ : പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ കോവിഡ് 19ന്റെ മറവിൽ നിരവധി അനധികൃത നിയമനങ്ങൾ നടക്കുകയാണെന്നും, പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്കാണ് എൻ.എച്ച്.എം വഴി നിയമനം നൽകിയിട്ടുള്ളതെന്നും, പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഈ അടുത്ത കാലത്തായി നടത്തിയ മുഴുവൻ നിയമനങ്ങളെ കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടകൊണ്ട് യു. ഡി.എഫ് പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി ആശുപത്രി അധികൃതർക്കും, ബന്ധപ്പെട്ടവർക്കും പരാതി നൽകി. ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന കാര്യത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ ചില സി.പി.എം അനുകൂല ഉദ്യോഗസ്ഥമ്മാരുടെ ബന്ധുക്കളെ തിരുകി കയറ്റിയതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുവാനും വിജിലെൻസ്ന് പരാതി നൽകുവാനും തീരുമാനിച്ചതായി യു.ഡി.എഫ് പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ കെ.ജയരാജ്, ജനറൽ കൺവീനർ വി.കെ.പി ഇസ്മായിൽ എന്നിവർ അറിയിച്ചു. അനധികൃത നിയമന വിഷയമറിഞ്ഞ് ആശുപത്രിയിലെത്തിയ പയ്യന്നൂർ നഗരസഭ കൗൺസിലർ എ. രൂപേഷ് യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളായ നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ, ഗോകുൽ ഗോപി, ഭരത് ഡി പൊതുവാൾ എന്നിവർ അടിയന്തിര നടപടികൾ സ്വീകരിക്കാമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പിൽ പിരിഞ്ഞുപോയി.