കട്ടപ്പുറത്തായി വ്യവസായം, ജീവിതവും ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സർവ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ്സുടമകൾ
കാഞ്ഞങ്ങാട് :ലോക്ഡൗണ്‍ പിന്‍വലിച്ച് പൊതുഗതാഗതം പുനരാരംഭിച്ചാലും സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യ ബസ്സുകളും സര്‍വ്വീസ് നടത്തില്ലെന്ന് സൂചന. കോവിഡും ഇന്ധനവില വര്‍ധനയും വരുത്തിവെച്ച ഭീമമായ നഷ്ടം സഹിച്ച് സര്‍വ്വീസ് നടത്താനാവില്ലെന്ന് ബസ്സുടമകള്‍ പറയുന്നു. റോഡ് നികുതിയില്‍ ഇളവ് അനുവദിച്ചാല്‍പോലും നിലവിലെ സാഹചര്യത്തില്‍ സര്‍വ്വീസ് ലാഭകരമാകില്ലെന്നാണ് ഉടമകളുടെ നിലപാട്. ഒന്നര മാസമായി സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിട്ട്. പച്ചക്കറി വ്യാപാരത്തിനും തട്ടുകട നടത്താനും ബസ് ഉപയോഗിച്ച് തുടങ്ങിയ വ്യാപാരികളുമുണ്ട്. 2019 മാര്‍ച്ചില്‍ ലോക്ഡൗണിന്റെ തുടക്കത്തില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 67 രൂപയായിരുന്നു.
കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ബസ്സുകള്‍ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. നിലവില്‍ ഒരു ലിറ്റര്‍ ഡീസലിന് 93 രൂപയോളമാണ്. ഈ നിരക്കില്‍ ഡീസല്‍ നിറച്ച് സര്‍വ്വീസ് നടത്തുമ്പോള്‍ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ് വേറെ. എന്നാല്‍, കോവിഡ് ഭീതിമൂലം ജനങ്ങള്‍ പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ മടിക്കുമെന്നതിനാല്‍ 4000 രൂപയില്‍ കൂടുതല്‍ വരുമാനം കിട്ടില്ലെന്നും ഇത്രയും വലിയ നഷ്ടം സഹിച്ച് സര്‍വ്വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ് ബസ്സുടമകള്‍ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നര ത്രൈമാസത്തേക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയിരുന്നു. എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസം നികുതിയിളവ് ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുപോലെ 12,000 സ്വകാര്യ ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറണമെങ്കില്‍ 18 വര്‍ഷമെങ്കിലുമെടുക്കും . ആവശ്യം കൂടുമ്പോള്‍ സ്വാഭാവികമായും വിലയും ഉയരുമെന്നതിനാല്‍ ബസ്സുകള്‍ പുതിയ സംവിധാനത്തിലേക്ക് മാറിക്കഴിയുമ്പോള്‍ സി.എന്‍.ജി വില കുത്തനെ ഉയരാനിടയുണ്ടെന്നും സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗണിന് ശേഷം സര്‍വ്വീസ് നടത്തണമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. ലോക്ഡൗണ്‍ കഴിയുന്നതുവരെ നികുതിയിളവ് അനുവദിക്കുക, ഡീസലിന് സബ്സിഡി, കോവിഡ് കാലത്തേക്ക് മാത്രമായി പ്രത്യേക പാക്കേജ് എന്ന നിലയില്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ഓടാതെ കിടന്ന ബസ്സുകള്‍ നിരത്തിലിറക്കാനുള്ള ചെലവുകള്‍ക്കായി ബസ് ഒന്നിന് മൂന്നുലക്ഷം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. നഷ്ടത്തിലായ കെ.എസ്.ആര്.ടി.സിക്ക് ഓരോ ബജറ്റിലും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ സ്വകാര്യ ബസ് വ്യവസായത്തെ അവഗണിക്കുകയാണെന്നും ബസ്സുടമകള്‍ പരാതിപ്പെടുന്നു.