വില്ലേജ് ഓഫീസ് ഓണ്‍ലൈന്‍ ; മാറാലകൾ നീക്കും അഞ്ചു വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കും.. ഇനി എല്ലാം ഓൺലൈനിൽ,
സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:
ഒക്ടോബര്‍ രണ്ടിനകം വില്ലേജ് ഓഫീസുകളിലെ മുഴുവന്‍ സേവനവും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചു വര്‍ഷത്തിനകം വില്ലേജ് ഓഫീസുകള്‍ പൂര്‍ണമായും സ്മാര്‍ട്ടാക്കും. വില്ലേജ് ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്നതാണ് വില്ലേജ് ഓഫീസ്. 1666 വില്ലേജ് ഓഫീസില്‍ 126 എണ്ണം സ്മാര്‍ട്ടായി. 342 ഓഫീസ് സ്മാര്‍ട്ട് ആക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. ബാക്കിയുള്ളവയും ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാക്കും.
ജീവനക്കാരുടെ മനോഭാവത്തിലും ഗുണപരമായ മാറ്റം വേണം. കാലാനുസൃതമായി നടക്കേണ്ട പരിഷ്കരണങ്ങളുമായി പൊരുത്തപ്പെടണം. പെരുമാറ്റത്തില്‍ സേവകരാണെന്ന ബോധം വേണം. ഫയലുകള്‍ മരിച്ച രേഖകളാകരുത്, തുടിക്കുന്ന ജീവിതങ്ങളാകണം. സിവില്‍ സര്‍വീസിലെ അഴിമതിയുടെ തോത് ഗണ്യമായി കുറച്ചു. അന്യായമായി പണം വസൂലാക്കല്‍ മാത്രമല്ല, ഒരേ സേവനത്തിന് ജനങ്ങളെ പലതവണ ഓഫീസില്‍ വരുത്തുന്നതും കാരണമില്ലാതെ ജനങ്ങളെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണ്. ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാതെ സൂക്ഷിക്കുന്നതും അഴിമതിക്ക് അരങ്ങൊരുക്കലാണ്. ഇതനുവദിക്കില്ല.
അപേക്ഷയില്‍ തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നിലയുണ്ടായിരുന്നു. അത് അവസാനിപ്പിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ വില്ലേജ് ഓഫീസിലും നൂതന സാങ്കേതിക വിദ്യയായ ‘കോര്‍സ്’ അധിഷ്ഠിതമായി സംയോജിത ഭൂരേഖാ പോര്‍ട്ടല്‍ ലഭ്യമാക്കും. റവന്യൂ, സര്‍വേ, രജിസ്ട്രേഷന് വകുപ്പുകളിലായി നല്കുന്ന സേവനങ്ങള്‍ ഇതോടെ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ രാജന്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്, ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ ബിജു എന്നിവരും പങ്കെടുത്തു.