ഭെല്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങി വിദഗ്ധസംഘം എത്തി.. രണ്ടരകൊല്ലത്തെ ശമ്പള കുടിശിക അനുവദിക്കണമെന്ന് തൊഴിലാളി യൂണിയനുകൾ
കാസര്‍കോട് :
കേന്ദ്ര സര്‍ക്കാര്‍ ഓഹരികള്‍ കൈമാറാന്‍ തയ്യാറായതോടെ ഭെല്‍-ഇഎംഎല്‍ കമ്പനി ഏറ്റെറടുത്തു സംരക്ഷിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. അതിന്റെ ഭാഗമായി വിദഗ്ദസംഘം കമ്പനി സന്ദര്‍ശിച്ചു കാര്യങ്ങള്‍ അവലോകം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ പുനരുദ്ധാരണാ സ്ഥാപനമായ റിയാബിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനിയിലെ മെഷിനറി കളുടെ നവീകരണവും, അറ്റകുറ്റപണികളും നടത്തുന്നതിനായി കളമശ്ശേരിഎച്ച് എംടിയിലെ ഉദ്യോഗസ്ഥരും, പ്ലാന്റും കെട്ടിടവും നവീകരിക്കുന്നതിനായി കെഇഎല്‍ മാമല യൂണിറ്റിലെ വിദഗ്ധരുമാണ് കമ്പനി സന്ദര്‍ശിച്ചത് . നവീകരണത്തിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാണ് സംഘം എത്തിയത്.
പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള വിശദമായ എസ്റ്റിമേറ്റുകള്‍ സംഘം 15നകം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജീവനക്കാരുടെ ശംബള കുടിശ്ശിക ഉള്‍പ്പെടെ കമ്പനിയുടെ സാമ്പത്തിക ബാദ്ധ്യതയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കമ്പനി പുനരുദ്ധാരണത്തിന് ആവശ്യമായ പാക്കേജ് റിയാബ് കേരള സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.കഴിഞ്ഞ 3നും 4 നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ പ്രതിനിധികളുമായി വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയിരുന്നു.
ഭെല്‍ ഓഹരിയായ 51 ശതമാനംകൈമാറാമെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ സമ്മതം ലഭിച്ചതോടെ ഓഹരി ഏറ്റെടുക്കാനുള്ള നടപിയും പുരോമിക്കുകയാണ്. കരാര്‍ ഒപ്പിടുന്നതിനായി വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. കെല് എംഡി, ഇന്റസ്ട്രിയല്‍ സെക്രട്ടറി എന്നീവരെ ഉള്‍പ്പെടുത്തിയുള്ള ഡയരക്ടര്‍ ബോര്‍ഡ് പുനഃസംഘാടനത്തിനുള്ള നടപടിയും തുടങ്ങി.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രതികാരമനോഭാവത്തില്‍ കുരുങ്ങി പ്രവര്‍ത്തനം നിലച്ച സ്ഥാപനത്തിന്റെ ഓഹരി കൈമാറ്റം രണ്ട് വര്‍ഷത്തോളം അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നു.ഓഹരികള്‍ വിട്ട് നല്കാന് മെയ് 11നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
എത്രയും പെട്ടെന്ന് ഓഹരികള്‍ ഏറ്റെടുത്ത് കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും അതോടൊപ്പം ജീവനക്കാരുടെ 30 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കണമെന്നും തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കണമെന്നും യൂണിയനുകള്‍ സംയുക്തമായി വ്യവസായ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു .