വിശ്വ ഹിന്ദു പരിഷത്തിന്റെ എതിർപ്പ്.. മസ്ജിദുകളിലെ ഇമാമുമാര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും 3,000 രൂപ കോവിഡ് സഹായധനം നല്‍കാനുള്ള തീരുമാനം കര്‍ണാടക സർക്കാർ പിന്‍വലിച്ചു
ബംഗളൂരു: കര്‍ണാടകയില്‍ വി.എച്ച്.പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മസ്ജിദ് ജീവനക്കാര്‍ക്ക് കോവിഡ് ദുരിതാശ്വാസ സഹായധനം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞു. മുസ്റെ വകുപ്പിന് കീഴില്‍ സി കാറ്റഗറിയിലെ ക്ഷേത്ര ജീവനക്കാര്‍ക്കും മസ്ജിദുകളിലെ ഇമാമുമാര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും 3,000 രൂപ വീതം സഹായധനം നല്‍കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്.
ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രപ്രവര്ത്തനങ്ങള്ക്കായുള്ള മുസ്റെ വകുപ്പിന്റെ ധനം മറ്റു മതസ്ഥര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ദക്ഷിണ കന്നട ജില്ലാ ഭാരവാഹികള്‍ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മറ്റു മതസ്ഥര്‍ക്കുള്ള ധനസഹായം തല്ക്കാലം തടഞ്ഞതായും ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വിവിധ ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. മുസ്റെ വകുപ്പിന് കീഴില്‍ മറ്റു മതസ്ഥര്‍ക്ക് സഹായം നല്‍കുന്നത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. വി.എച്ച്.പി ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു വകുപ്പു മന്ത്രിയുടെ നടപടി. കഴിഞ്ഞദിവസം വൈകീേട്ടാടെ മുസ്?റെ കമ്മീഷണറുടെ ഔദ്യോഗിക ഉത്തരവും ഇതുസംബന്ധിച്ച് പുറത്തിറങ്ങി.
ഹിന്ദു ക്ഷേത്രങ്ങളില്‍നിന്ന് ലഭിക്കുന്ന വരുമാനം ഹിന്ദുക്കളുടെ ഉന്നമനത്തിനു വിനിയോഗിക്കണമെന്നും ഇമാമുമാര്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ പള്ളികളും മദ്റസകളും കര്‍ണാടക വഖഫ് ബോര്‍ഡിന് കീഴില്‍ കൊണ്ടുവന്ന് ദുരിതാശ്വാസം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും വി.എച്ച്.പി ഭാരവാഹികള്‍ പറഞ്ഞു.
കര്‍ണാടകയില്‍ 27,000 ക്ഷേത്രങ്ങള്‍ക്കായി 133 കോടി രൂപയാണ് മുസ്റെ വകുപ്പിന് കീഴില്‍ സാമ്പത്തിക സഹായമായി നല്‍കുന്നത്. ഇതിന് പുറമെ, ഹൈന്ദവ ആരാധനാലയങ്ങളല്ലാത്ത 764 ആരാധനാലയങ്ങള്‍ക്കും സഹായം നല്‍കിവരുന്നുണ്ട്. ഇതും നിര്‍ത്തിവെക്കാനാണ് മുസ്റെ വകുപ്പിന്റെ തീരുമാനം.