വനംവകുപ്പ് കാസർകോട് റേഞ്ചിന്റെ മിന്നൽപ്പരിശോധന,അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച 205 തേക്ക് മരത്തടികൾ പിടികൂടി
കാസർകോട്: അനധികൃതമായി മുറിച്ച് കടത്താൻ ശ്രമിച്ച 205 തേക്ക് മരത്തടികൾ വനംവകുപ്പ് കാസർകോട് റേഞ്ചിന്റെ മിന്നൽപ്പരിശോധന സംഘം പിടിച്ചു.പരപ്പ കനകപ്പള്ളിയിൽ നടത്തിയ പരിശോധനയിലാണ് മരത്തടികൾ പിടിച്ചത്. 21 കഷണം തേക്കിൻതടികളുമായി കർണാടക രജിസ്ട്രേഷനുള്ള ലോറി കൈ കാട്ടി നടത്തിയ പരിശോധനയിലാണ് ലോറിയിലേക്ക് കയറ്റാനിരുന്ന ബാക്കിയുള്ള തടികളും നൂറ് മീറ്റർ പരിസരത്തുനിന്ന് തന്നെ പിടിച്ചത്.ലോറി ഡ്രൈവർ കർണാടക സ്വദേശി ഹംസയ്ക്കെതിരേയും ഇയാളുടെ മൊഴി പ്രകാരം തടിക്കഷണങ്ങളുടെ ഉടമയെന്ന് സംശയിക്കുന്ന പാണത്തൂരിലെ ഷാജി എന്നിവർക്കെതിരേയും വനംവകുപ്പ് കേസെടുത്തു.
തടി എവിടെനിന്നാണ് മുറിച്ചതെന്നും ആരൊക്കെയാണ് സഹായത്തിന് ഉണ്ടായതെന്നുമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണത്തിൽ മാത്രമേ വ്യക്തമാവുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മുട്ടിൽ മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വനംവകുപ്പ് പരിശോധന ശക്തമായി തുടരുകയാണ്. വനംവകുപ്പ് മിന്നൽപ്പരിശോധനാസംഘം കാസർകോട് റേഞ്ച് ഓഫീസർ പി. രതീഷനും സംഘവും പരിശോധനയ്ക്ക് നേതൃത്വം നൽകി.