മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി; സ്വാഗതം ചെയ്ത് മമതബിജെപിയുടെ പണം വാങ്ങി ചതിച്ചവരെ പ്രവേശിപ്പിക്കില്ലെന്നും
കൊല്‍ക്കത്ത: ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ മുകള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരികെയെത്തി. തൃണമൂല്‍ ഭവനില്‍ നടന്ന കൂടിക്കാഴ്ചയക്ക് ശേഷമാണ് മുകുള്‍ റോയ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മകന് ശുഭ്രാംശു റോയിയും മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ തിരികെയെത്തി.
മുകുള്‍ റോയിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയില്‍ സുപ്രധാന ചുമതലതന്നെ അദ്ദേഹം വഹിക്കുമെന്നും മമത പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പായി പണം വാങ്ങി ബി.ജെ.പിക്കു വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസിനെ ചതിച്ചവരെ ഒരു വിധത്തിലും പാര്‍ട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
ബംഗാളില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷ പൊലിഞ്ഞതിനു പിന്നാലെ ബി.ജെ.പിക്ക് ഇരട്ടപ്രഹരം നല്‍കിക്കൊണ്ട് നേതാക്കള്‍ തൃണമൂലിലേക്ക് തിരികെ പോകുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നതിനിടയിലാണ് മമത നിലപാട് വ്യക്തമാക്കിയത്. അതേസമയം, മുകുള്‍ റോയി തൃണമൂലില്‍ തിരിച്ചെത്തുമെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ തൃണമൂല്‍ നേതാക്കള്‍ നല്‍കിയിരുന്നു.
ഏതാനും നാളുകളായി മുകുള്‍ റോയ് ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി. യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും അദ്ദേഹം ബി.ജെ.പി. വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. എന്നാല്‍, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മുകുള്‍ റോയിയെ ബി.ജെ.പി. അവഗണിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സുവേന്ദു അധികാരിയെയാണ് ബി.ജെ.പി. പരിഗണിച്ചത്. ഇത് പടലപ്പിണക്കത്തിന് ഇടയാക്കുകയായിരുന്നു. തുടര്‍ന്നാണ് തൃണമൂലിലേക്ക് തിരികെ പോകാന്‍ മുകുള്‍ റോയിയും മകന് ശുഭ്രാംശു റോയിയും ചില നേതാക്കളും തീരുമാനിച്ചത് എന്നാണ് വിവരം.