തൃശ്ശൂര്‍ : കണിയാര്‍കോട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. പാമ്ബാടി വില്ലേജ് ഓഫീസര്‍ വിപിന്‍ കുമാറിനെയാണ് വിജിലന്‍സ് സംഘം വിദഗ്ദ്ധമായി കുടുക്കിയത്. ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി ഒരു കര്ഷകനില് നിന്നും 1500 രൂപ കൈക്കൂലിവാങ്ങുന്നതിനിടെയാണ് അറസ്റ്റ്.ഇയാളുടെ താമസ സ്ഥലത്തും കാറില്‍ നിന്നും മാരാകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിജിലൻസിനെ അത്ഭുതപ്പെടുത്തി.
ഒന്നരമാസം മുന്‍പാണ് വീട്ടുവളപ്പിലെ തേക്ക് മുറിക്കാന്‍ കൈവശാവകാശസർട്ടിഫിക്കറ്റിനായി നിര്‍ദ്ധന കുടുംബത്തിലെ കര്ഷകന് പാമ്ബാടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. കൈവശാവകാശ രേഖയ്ക്കായി നിരവധി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. അവസാനം സര്‍ട്ടിഫിക്കേറ്റ് ലഭിക്കണമെങ്കില്‍ 1500 രൂപ കൈക്കൂലി ആയി നല്‍കണമെന്ന് കര്‍ഷകനോട് വിപിന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കര്ഷകന് വിജിലന്‍സില്‍ പരാതി നല്‍കിയത്.
വിജിലന്‍സ് നല്കിയ പണം വില്ലേജ് ഓഫീസില്‍ എത്തി കര്ഷകന് വിപിന്‍ കൈമാറി. ഉടന്‍ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഓഫീസിലെ കടലാസ് ഗ്ലാസിനുള്ളിലാണ് ഇയാള്‍ പണം സൂക്ഷിച്ചിരുന്നത്. രണ്ടു വര്‍ഷമായി ഇതേ വില്ലേജ് ഓഫിസിലാണ് വിപിന്‍കുമാറിന്റെ ജോലി. വില്ലേജ് ഓഫിസറെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.