ജനരോഷം ആളിക്കത്തുമ്പോഴും ഭരണ കേന്ദ്രങ്ങളിൽ അനക്കമില്ല :രാജ്മോഹൻ ഉണ്ണിത്താൻ
അജാനൂർ: തിരഞ്ഞെടുപ്പിന് ശേഷം ഈ കോവിഡ് മഹാമാരിക്കാലത്ത് 37 ദിവസനത്തിനകം 21 തവണയാണ് ഇന്ധന വില വർധിപ്പിച്ചത്. ഇന്ന് പെട്രോൾ വില കുതിച്ചുകയറി 100/=ൽ സെഞ്ച്വറി അടിച്ചു നിൽക്കുകയാണ്. നരേന്ദ്രമോഡി അധികാരത്തിൽ വന്നാൽ പെട്രോളിന് 40/= യായി വില നിശ്ചയിക്കുമെന്നും പെട്രോളിയം വില നിർണ്ണയിക്കുന്ന അധികാരം പെട്രോളിയം കമ്പിനികളിൽ നിന്ന് എടുത്തുകളയും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോഡി പെട്രോളിന്റെയും ഡീസലിന്റെയും വില നിർണ്ണയം പെട്രോളിയം കമ്പിനിക്ക് നൽകുകയാണുണ്ടായത്. ഇങ്ങിനെ വില കുതിച്ചുപായുന്നത് നികുതി വർധനവിലൂടെയാണ്.
പെട്രോളിന്റെ യഥാർത്ഥ വില 29.33രൂപയാണ്. അതിന്റെ മേലെ കേന്ദ്ര നികുതി 32.98 രൂപയും സംസ്ഥാന നികുതി 30.08 രൂപയും ആണ്. അതുപോലെ ഡീസലിന് 31.83 രൂപ കേന്ദ്ര നികുതിയും 27.76രൂപ സംസ്ഥാന നികുതിയുമാണ്. സംസ്ഥാന സർക്കാർ ഈ അധികനികുതി വരുമാനം വേണ്ടെന്നുവെച്ചാൽ ജനങ്ങളുടെ മേലുള്ള ഈ ഭാരം കുറക്കാൻ കഴിയും.കേരളം ഒരു കൺസ്യുമർ സ്റ്റേറ്റ് ആണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് മൂലം ആവശ്യസാധനങ്ങളുടെ വില ക്രമതീതമായി വർധിച്ചിരിക്കയാണ്.
ഉമ്മൻചാണ്ടിസർക്കാർ അധികാരത്തിൽ ഇരുന്ന നേരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിച്ച വിലയുടെ അധിക നികുതി വേണ്ടെന്ന് വെച്ച് 619.17 കോടി രൂപയുടെ ഇളവാണ് ജനങ്ങൾക്ക് നൽകിയത്. ആ ആർജ്ജവം ഇവിടത്തെ ഇടതുപക്ഷ സർക്കാർ ജനങ്ങളോട് കാണിക്കണം എന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എഐസിസി യുടെ ആഹ്വാനപ്രകാരം കെപിസിസി നിർദേശ പ്രകാരം അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കേപ്പുറം പെട്രോൾപമ്പിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉത്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോഡി അധികാരത്തിൽ ഏറിയപ്പോൾ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയായിരുന്നു. ഇന്നത് 32.89 രൂപയായി. ഡീസലിന്റെ കേന്ദ്ര നികുതി 3.58 രൂപ ആയിരുന്നു. ഇന്ന് 31.83 രൂപയായി. മൂന്നര മടങ്ങാണ് മോഡി സർക്കാർ വർധിപ്പിച്ചത്. കോടിക്കണക്കിനു രൂപയാണ് ജനങ്ങളിൽ നിന്ന് കൊള്ളയടിച്ചത്.അതിനാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ GST പരിധിക്കുള്ളിൽ വരണം. അങ്ങിനെ വന്നാൽ പെട്രോളിയം ഉൽപ്പന്നങ്ങൾ 60/= രൂപക്ക് രാജ്യമൊട്ടാകെ ലഭ്യമാകും.അതിന്റെ നടപടി കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം. രാജ്യമാകെ ജനരോഷങ്ങൾ ആളിക്കത്തുമ്പോഴും ഭരണാകേന്ദ്രങ്ങൾ അനക്കമില്ലാതെ ഇരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അജാനൂർ മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ അദ്ധ്യക്ഷം വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി. വി. സുരേഷ്,കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ. വി. അരവിന്ദാക്ഷൻ നായർ, ബ്ലോക്ക്ജനറൽ സെക്രട്ടറി രവീന്ദ്രൻ മെമ്പർ , ബ്ലോക്ക് നിർവ്വാഹക സമിതി അംഗം ശ്രീനിവാസൻ മഡിയൻ,യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി,ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി. വി. ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ വെള്ളിക്കോത്ത് , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉമേശൻ കാട്ടുകുളങ്ങര,മണ്ഡലം നിർവ്വാഹക സമിതി അംഗം എൻ. വി. ബാലചന്ദ്രൻ നായർ പടിഞ്ഞാറെകര, പി. പി. വേണു നായർ വെള്ളിക്കോത്ത്, സുകുമാരൻ ആനന്ദാശ്രമം, സുനേഷ് പുതിയകണ്ടം,ഹരി കൃഷ്ണൻ, ശ്രീരേഷ്,എസ്. കെ. ബാലകൃഷ്ണൻ, കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.