ദാരിദ്ര്യം മാറുന്നില്ല, ഭൂമി കയ്യേറ്റത്തിനും കാരണമാകുന്നു ; അസമിലെ കുടിയേറ്റ മുസ്ളീങ്ങള്‍ക്ക് കുടുംബാസൂത്രണം വേണമെന്ന് മുഖ്യമന്ത്രി
ഗുവാഹട്ടി: അസമിലെ ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തിന് കാരണം കുടിയേറിയ മുസ്ളീങ്ങളാണെന്നും അവര്‍ കുടുംബാസൂത്രണം പിന്തുടര്ന്നാല് ഇതെല്ലാം ഒഴിവാക്കാമെന്നും വിവാദ പരാമര്‍ശം നടത്തി ആസാം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മ. പുതിയ സര്‍ക്കാര്‍ ഒരു മാസം കാലാവധി തികച്ച സാഹചര്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹിമാന്ദ ബിശ്വ ശര്‍മ്മ ഈ ആക്ഷേപം നടത്തിയത്.
സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്ന ഭൂമി കയ്യേറ്റത്തിന് കാരണം കുടിയേറിയ മുസ്ളീങ്ങള്‍ ജനസഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാനുള്ള നിയമങ്ങള്‍ പാലിക്കാത്തതിനാലാണ്. ഈ രീതിയില്‍ ജനസംഖ്യാ വിസ്ഫോടനം തുടര്‍ന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ കാമാഖ്യാ ക്ഷേത്രത്തിന്റെ ഭൂമിയും തന്റെ വീടും ഉള്പ്പെടെകയ്യേറ്റത്തിന് ഇരയാകും. സര്‍ക്കാരിന്റെ ഒന്നാം മാസത്തില്‍ നടന്ന വാര്‍ത്തസമ്മേളത്തില്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിനായിരുന്നു ഹിമാന്ദ ഈ രീതിയില്‍ മറുപടി നല്‍കിയത്. കുടിയേറ്റ മുസ്ളീങ്ങളുടെ ആധിക്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രശ്നമാകുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തന്നെ ജനസംഖ്യാ നയത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും ഇതില്‍ സംസ്ഥാനത്തിന് കൂടുതല്‍ ഭാരമുണ്ടാക്കുന്ന ന്യൂനപക്ഷമായ മുസ്ളീം സമൂഹത്തിന്റെ എണ്ണം കുറയ്ക്കുന്ന കാര്യം പ്രത്യേകമായി പരിഗണിക്കുമെന്നും ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി കയ്യേറ്റം, ദാരിദ്രം പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ജനസംഖ്യാ വര്‍ദ്ധനവാണ്. വനം, സത്ര, വൈഷ്ണവ ആശ്രമങ്ങള്‍, എന്നിവിടങ്ങളില്‍ കയ്യേറ്റം അനുവദിക്കില്ല. എന്നാല്‍ ജനസംഖ്യയുടെ ക്രമാതീത വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ ഇവരെയെല്ലാം എവിടെ പാര്‍പ്പിക്കും എന്നത് സമ്മര്‍ദ്ദമുണ്ടാക്കുമെന്നും പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് സാമൂഹ്യപ്രശ്നങ്ങളും പരിഹരിക്കാനാകില്ല. അതുകൊണ്ട് കുടിയേറ്റക്കാരായ മുസ്ളീങ്ങള്‍ കുടുംബാസൂത്രണം അനുസരിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണ്. ഇക്കാര്യത്തിനായി ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ്, ഓള് ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി സംഘടന എഎഎംഎസ് യു എന്നിവരെല്ലാം പ്രവര്‍ത്തിക്കണമെന്നും ഹിമാന്ദ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് എഐയുഡിഎഫ് പറയുന്നത്. സംസ്ഥാനത്തിന്റെ നയമാണെങ്കില്‍ തങ്ങള്‍ എതിര്‍ക്കുകയില്ലെന്നും എന്നാല്‍ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം പറയുന്നില്ലെന്നും ഇവര്‍ പ്രതികരിച്ചു. അതേസമയം ബിജെപി നേതാക്കള്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ഇതാദ്യമല്ല.
ലോവര്‍ ആസസാമിലും സെന്‍ട്രല്‍ ആസാമിലും കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്ളീങ്ങള്‍ ബംഗ്ളാദേശില്‍ നിന്നുള്ള മുസ്ളീങ്ങളാണെന്നാണ് ആസ്സാമുകാര് കരുതുന്നത്. ഇവരില്‍ നിന്നും ആസ്സാമിലെ ജനതയെ സംരക്ഷിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയിരുന്ന വാഗ്ദാനം. ആസ്സാമിലെ 3.12 കോടി ജനതയില്‍ 31 ശതമാനവും ബംഗ്ളാദേശില്‍ നിന്നും കുടിയേറിയ മുസ്ളീങ്ങളാണെന്നാണ് വിലയിരുത്തല്‍. ആസ്സാമിലെ 126 നിയമസഭാ മണ്ഡലങ്ങളിലെ 35 സീറ്റുകളില്‍ വിജയം നിര്‍ണ്ണയിക്കുന്നത് ഇവരാണ്.