കോവിഡ് മൂലം ആരും സഹായിച്ചില്ല; ഭർത്താവിന്റെ പിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി
ആസം :കോവിഡിൽ നൊമ്പരപ്പെടുത്തുന്ന ഒരുപാട് കാഴ്ചകൾ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് അസമിൽ ഇപ്പോൾ പുറത്തു
വന്നിരിക്കുന്നത്.
കോവിഡ് ബാധിച്ച ഭർത്താവിന്റെ പിതാവിനെ തോളിലേറ്റി ആശുപത്രികൾ കയറിയിറങ്ങുന്ന യുവതി. കോവിഡ് ആണെന്ന് അറിഞ്ഞതോടെയാണ് സഹായിക്കാൻ ആരും എത്താതിരുന്നത്. ഇതോടെ നിഹാരിക എന്ന യുവതി 75 കാരനായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലേക്ക് നടക്കുകയായിരുന്നു.
നിഹാരികയുടെ ഭർതൃപിതാവായ തുലേശ്വർ ദാസിന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.
ഭർത്താവ് സൂരജ് ഇതേസമയം ജോലിസംബന്ധമായി സിലിഗുരിയിൽ ആയിരുന്നതിനാലാണ് തുലേശ്വർ ദാസിന്റെ പരിചരണം നിഹാരിക ഏറ്റെടുത്തത്.
അച്ഛനെ കൊണ്ടുപോകാനായി രണ്ടു കിലോമീറ്റർ അകലെയുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ നിഹാരിക ഓട്ടോറിക്ഷ വിളിച്ചിരുന്നു. എന്നാൽ ഇവരുടെ വീടിനടുത്തേക്ക് വാഹനം എത്താനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ ഭർതൃപിതാവിനെ ചുമലിലെടുത്താണ് ഓട്ടോയിലേക്ക് എത്തിച്ചത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കോവിഡ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ലഭിച്ചു. എന്നാൽ അവിടെ ആംബുലൻസോ സ്ട്രെച്ചറോ ലഭ്യമല്ലാതിരുന്നതിനാൽ വീണ്ടും സ്വകാര്യ വാഹനം വിളിച്ചുവരുത്തി അതിലേക്കും തുലേശ്വറിനെ ചുമലിലേറ്റി എത്തിക്കുകയായിരുന്നു. ഈ കാഴ്ചകൾ കണ്ടു നിന്നവരാണ് ചിത്രങ്ങൾ പകർത്തിയത്.
അബോധാവസ്ഥയിലായ പിതാവിനെ തനിച്ചയക്കാൻ കഴിയാത്തതിനാൽ നിഹാരികയ്ക്കും ഒപ്പം പോകേണ്ടിവന്നു. എന്നാൽ അവിടം കൊണ്ടും തീർന്നില്ല. കോവിഡ് ആശുപത്രിയിൽ നിന്നും ഇവരെ നാഗോൺ സിവിൽ ആശുപത്രിയിലേക്ക് അയച്ചു. ഹോസ്പിറ്റലിലെ പടവുകളടക്കം തുലേശ്വറിനെ ചുമലിലേറ്റിയാണ് നിഹാരിക നടന്നുകയറിയത്.
ഭർതൃപിതാവിന്റെ ജീവൻ രക്ഷിക്കാൻ ഇത്രയധികം ശ്രമങ്ങൾ നിഹാരിക നടത്തിയെങ്കിലും കഴിഞ്ഞദിവസം ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു. നിലവിൽ നിഹാരികയും കോവിഡ് പോസിറ്റീവാണ്.