കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ രോഗവ്യാപനം തടയാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാം
ന്യൂഡല്‍ഹി:കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ചു വരികയാണ് രാജ്യം. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ പിന്തുടര്ന്നില്ലെങ്കില് കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. മൂന്നാം തരംഗം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നാണ് വിലയിരുത്തല്‍. 18 വയസിനു താഴെയുള്ളവര്‍ വാക്സിന് സ്വീകരിക്കാത്തതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്. ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയാണ്, കോവിഡ് പ്രതിരോധത്തില്‍ സുപ്രധാനമായ സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കുകയാണ് ആദ്യത്തേത്. കൂടാതെ, ഭക്ഷണം, കളിപ്പാട്ടങ്ങള്‍ മുതലായവ പങ്കുവെക്കരുത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ബന്ധുവീട് സന്ദര്‍ശനം, ആശുപത്രി സന്ദര്‍ശനം എന്നിവയ്ക്ക് കുഞ്ഞുങ്ങളെ ഒപ്പം കൂട്ടരുത്.
പനി, മണമില്ലായ്മ, ക്ഷീണം എന്നിവ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകണം. പലചരക്ക് കടകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയക്കരുത്. വീടുകളില്‍ നടത്തുന്ന ട്യൂഷനും മറ്റും ഒഴിവാക്കുക. വീട്ടിലെ മുഴുവന്‍ അംഗങ്ങളും വാക്സിന് സ്വീകരിക്കുക. വീട്ടില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരോ, കോവിഡ് പോസിറ്റീവായവരോ, ഐ.എല്‍.ഐ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഉണ്ടെങ്കില്‍ കുട്ടികള്‍ അവരുമായി സമ്പര്‍ക്കം പാടില്ല. മറ്റു കുട്ടികളുമായി കളിക്കുന്നതും ഇടപഴകുന്നതും ഒഴിവാക്കുക. മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യുകയോ ചുംബനം നല്‍കുകയോ ചെയ്യരുത്. പൊതു ചടങ്ങുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്. മൂന്നാം തരംഗത്തെ പത്തിനും 18 നും ഇടയില്‍ പ്രായമുള്ളവര്‍ കരുതിയിരിക്കണമെന്നാണ് സിറോ സര്‍വേകള്‍ നല്കുന്ന മുന്നറിയിപ്പ്. രണ്ടാം തരംഗത്തില്‍ മുതിര്‍ന്നവര്‍ക്കുണ്ടായ അത്ര തന്നെ തീവ്രതയില്‍ കോവിഡ് ഈ വിഭാഗക്കാരെ പിടികൂടാന്‍ സാധ്യതയുണ്ട്. ഹൃദ്രോഗം, ശ്വാസകോശരോഗം, ടൈപ്പ് 1 പ്രമേഹം, കിഡ്നി രോഗം, അമിതവണ്ണം പോലുള്ള സഹരോഗാവസ്ഥകളുള്ള കുട്ടികളില്‍ കോവിഡ് മൂന്നാം തരംഗം മാരകമായേക്കാമെന്നും കരുതപ്പെടുന്നു.