കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ കൊഴിഞ്ഞുപോകാന്‍ കാരണം ഓഫീസിലെ ഇടനിലക്കാര്‍ ; രാഹുലിനെയും പ്രിയങ്കയെയും വരെ തെറ്റിക്കാന്‍ നോക്കുന്നു?
ന്യൂഡല്‍ഹി: രാഹുല്ബ്രിഗേഡില് നിന്നും മറ്റൊരു അമരക്കാരന് കൂടി ബിജെപി പാളയത്തിലേക്ക് പോയതോടെ ഗാന്ധി കുടുംബത്തിലെ പിഴവുകള്‍ വീണ്ടും കണ്ടെത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ക്യാംപ്. കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ജിതിന് പ്രസാദ പോയതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ വര്‍ക്കിംഗ് സ്റ്റൈലിനെ കുറ്റം പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ കോണ്‍ഗ്രസിന്റെ അപചയത്തിനുള്ള പഴി നേതാക്കള്‍ ഒടുവില്‍ കൊണ്ടു ചാരിയിരിക്കുന്നത് രാഹുലിന്റെ മുന്‍ ഓഫീസ് കാര്യം നിര്‍വ്വഹിച്ചിരുന്ന കനിഷ്ക്ക സിംഗില്‍.
രണ്ടുദശകങ്ങളോളം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനേകം മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച് പിഗുരൂസ് എന്ന വെബ്സൈറ്റാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. പല കോണ്‍ഗ്രസ് നേതാക്കളെയും ഗാന്ധികുടുംബവുമായി കനിഷ്ക്ക പിണക്കിയെന്നാണ് നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണം. ആരോപണത്തിന്റെ കാഠിന്യം കൂടി ഇപ്പോള്‍ രാഹുലിനെയും പ്രിയങ്കയെയും തമ്മില്‍ തെറ്റിക്കാന്‍ പോലും ഇയാള്‍ ശ്രമിക്കുന്നതായിട്ടാണ് പറയുന്നത്. ഗാന്ധി കുടുംബത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ നിന്നുപോലും തെറ്റിക്കാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നു. രാഹുലും പ്രിയങ്കയുമൊക്കെയായി കൂടിക്കാഴ്ചയ്ക്ക് നേതാക്കളെ പോലും മാസങ്ങള്‍ കാത്തിരിപ്പിക്കുന്നു എന്നും ആരോപണമുണ്ട്.
നിലവില്‍ പ്രിയങ്കയുടെ ഓഫീസിലാണ് കനിഷ്ക്ക സിംഗ് ജോലി ചെയ്യുന്നതെന്നാണ് വെബ്സൈറ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കനിഷ്ക്ക സോണിയാഗാന്ധിയുടെ ഓഫീസില്‍ ആയിരുന്നു. അതോടെ പ്രശ്നം തുടങ്ങി. അടുത്ത ബന്ധമുള്ള ഒന്നാം നിരയിലുള്ള മന്ത്രിമാര്‍ക്ക് പോലും സോണിയയെ കാണണമെങ്കില്‍ ആഴ്ചകള്‍ ക്യൂവില്‍ നില്‍ക്കേണ്ട സ്ഥിതി വന്നു. അന്ന് അനേകം ശത്രുക്കള്‍ ഉണ്ടായെങ്കിലും കനിഷ്ക്കിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത് അഹമ്മദ് പട്ടേല്‍ ആയിരുന്നെന്നും ഒടുവില്‍ സോണിയ തന്നെ ഇയാളെ പുറത്താക്കിയെന്നുമാണ് പറയുന്നത്.
2000 ന്റെ തുടക്കത്തില്‍ മികച്ച സാങ്കേതിക വിദഗ്ദ്ധന് എന്ന രീതിയില്‍ കനിഷ്ക്ക് സോണിയയുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി നേതാക്കന്മാരെ ഗാന്ധി കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചകളില്‍ നിന്നും അകറ്റുക എന്നതായി ഇയാളുടെ പ്രധാനപണിയെന്ന് നേതാക്കന്മാര് തന്നെ പറയുന്നു. അഹമ്മദ് പട്ടേല്‍, ചിദംബരം, രാജീവ് ശുക്ല എന്നിവര്‍ പാര്‍ട്ടിയിലെ സ്വന്തം എതിരാളികള്‍ക്കെതിരേ കനിഷ്ക്കിനെ ഉപയോഗിച്ചിരുന്നു എന്നതിനാല്‍ അവരായിരുന്നു കനിഷ്ക്കിന്റെ സംരക്ഷകര്‍ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സോണിയയുടെ ഓഫീസില്‍ നിന്നും പോയ കനിഷ്ക്ക് രാഹുലിന്റെ ഓഫീസിലേക്കാണ് എത്തിയത്. ഒടുവില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് പ്രിയങ്കയുടെ ഓഫീസിലും.
അഹമ്മദ് പട്ടേലിനെയും കനിഷ്ക്കിനെയും രാഹുല്‍ പാര്ശ്വവല്ക്കരിക്കാന് തുടങ്ങിയതോടെ ഇരുവരും രാഹുലിനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. പ്രിയങ്കയുടെ ഓഫീസില്‍ ചെറിയ ഇടം കിട്ടിയപ്പോള്‍ ഇയാള്‍ ആദ്യം ധീരജ് ശ്രീവാസ്തവയുമായി ചേര്‍ന്ന് പ്രിയങ്കയുടെ സെക്രട്ടറി പ്രീതി സഹായിയെ തെറുപ്പിച്ചു. പിന്നീട് സന്ദീപ്സിംഗുമായി ചേര്‍ന്ന് ധീരജിനെയും പുറത്താക്കി. 2022 മാര്‍ച്ചിലെ യുപി തെരഞ്ഞെടുപ്പിന് പിന്നാലെ സന്ദീപ് സിംഗിനെ പുറത്താക്കാനുള്ള പണികളിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അഹമ്മദ് പട്ടേലും സോണിയാഗാന്ധിക്ക് കത്തയച്ച വിമതരായ 23 നേതാക്കളുമായി സജീവ ബന്ധം നിലനിര്‍ത്തിയിരുന്നയാളാണ് കനിഷ്ക്ക്. ഇവര്‍ക്കൊപ്പം രാഹുലിനെ ഇറക്കാന്‍ വേണ്ടി പ്രിയങ്കയെ ഉയര്‍ത്തിക്കൊണ്ടു വരികയും സ്വീകര്യതയുള്ള നേതാവാക്കി മാറ്റുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ അംഗീകാരത്തിന് വിരുദ്ധമായി രാഹുല്‍ഗാന്ധിയ്ക്ക് പകരം പ്രിയങ്കയെ സിംഹാസനത്തില്‍ അവരോധിക്കാനായിരുന്നു നീക്കം. എന്നാല്‍ പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞുനാറുന്നതായി സംശയം ഉയര്‍ന്നതോടെ സോണിയ പ്രസിഡന്റ് തീരുമാനം നീട്ടിവെച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുലിന് നാണംകെട്ട പരാജയം നേരിടേണ്ടി വന്നതിനും രണ്ടു ദശകത്തോളം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നേതാക്കള്‍ കനിഷ്ക്കിനെയാണ് പഴി പറയുന്നത്. അമേഠിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇദ്ദേഹം അനുമതി നല്കുമായിരുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. അമേഠിയിലെ റായ്ബറേലിയിലെയും ജനങ്ങളുടെ വീര്യം ചോര്‍ത്തുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് ഇവിടെ എത്തിയ കനിഷ്ക്ക് ചന്ദ്രകാന്ത്, കെഎല്‍ ശര്‍മ്മ, ധീരജ് ശ്രീവാസ്തവ തുടങ്ങിയ രാഹുലിന്റെ വിശ്വസ്ത സഹായികളെ മാറ്റുകയും ചെയ്തു.
ഒരു അധികാരവും നല്‍കാതെ അമേഠിയിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെയും മറ്റും തെരഞ്ഞെടുപ്പ് സമയത്ത് മാറ്റുന്നത് കേട്ടുകേഴ്വി പോലും ഇല്ലാത്തതാണെന്നും നേതാക്കള്‍ പറയുന്നു. കനിഷ്ക്ക് കൊണ്ടു വന്ന നയങ്ങളെല്ലാം രാഹുലിന്റെ തോല്‍വിക്കും അദ്ദേഹത്തിന്റെ സല്‍പ്പേര് കളങ്കപ്പെടാനും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനും ഉതകുന്നതായിരുന്നു എന്നും വിമര്‍ശകര്‍ പറയുന്നു. ഇതായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം പോലും രാഹുല്‍ വലിച്ചെറിയാന്‍ കാരണമായത്.
അഹമ്മദ് പട്ടേലിന്റെ മരണത്തോടെ കോണ്‍ഗ്രസിന്റെ ട്രഷറര്‍ പദവി പ്രിയങ്കയുടെ സഹായത്തോടെ പിടിക്കാനും കനിഷ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ സോണിയാഗാന്ധി അത് വീറ്റോ ചെയ്തു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി ചില ബിസിനസ് പങ്കാളിത്തം കനിഷ്ക്കയ്ക്ക് ഉണ്ട്. ഡല്‍ഹിയിലെ എംജിഎഫ് കമ്പനി നടത്തുന്നത് കനിഷ്ക്കയുടെ കുടുംബമാണ്. സിവിജി, അഗസ്റ്റ വെസ്റ്റലാന്റ് കമ്പനികളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ സ്ഥാപനമാണ് ഇത്.