ഡോക്ടര്‍മാര്‍ ദൈവദൂതര്‍; വൈകാതെ വാക്സിന് സ്വീകരിക്കും മലക്കം മറിഞ്ഞ് ബാബ രാംദേവ്
ഹരിദ്വാര്‍: അധികം താമസിയാതെ താന്‍ കോവിഡ് വാക്സിന് സ്വീകരിക്കുമെന്ന് യോഗഗുരു രാംദേവ്. കൂടാതെ, ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് പ്രസ്താവിച്ചു. ഹരിദ്വാറില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ കോവിഡ് വാക്സിന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന.
രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്സിന് സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവെയ്പെന്ന് രാംദേവ് വിശേഷിപ്പിക്കുകയും വാക്സിന് സ്വീകരിക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു. വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും ഒപ്പം യോഗയും ആയുര്‍വേദവും പിന്തുടര്ന്ന് എല്ലാവരും ഇരട്ടസുരക്ഷിതത്വം നേടണമെന്നും രാംദേവ് പറഞ്ഞു. ഇവ സംയുക്തമായി ഉറപ്പുനല്‍കുന്ന ശക്തമായ കവചത്തിന്റെ സുരക്ഷയില്‍ ഒറ്റയാള്‍ പോലും കോവിഡ് മൂലം മരിക്കാനിടവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രയും പെട്ടെന്ന് താന്‍ വാക്സിന് സ്വീകരിക്കുമെന്ന് രാംദേവ് വ്യക്തമാക്കി. നല്ല അലോപ്പതി ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധികളാണെന്നും രാംദേവ് പ്രശംസ ചൊരിഞ്ഞു. തനിക്ക് ഒരു സ്ഥാപനവുമായി ശത്രുതയില്ലെന്ന് രാംദേവ് വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരുന്നുകളുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് തനിക്ക് എതിര്‍പ്പെന്നും രാംദേവ് പറഞ്ഞു.
പല ഡോക്ടര്‍മാരും വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്ദേശിക്കുന്നതിനാല് ജനങ്ങള്‍ക്ക് മരുന്നുകള്‍ വിലകുറച്ച് ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ എല്ലായിടത്തും ആരംഭിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. മനുഷ്യരായതിനാല്‍ ഡോക്ടര്‍മാരും തെറ്റ് ചെയ്യാനിടയാകുമെന്നും യോഗഗുരു കൂട്ടിച്ചേര്‍ത്തു. അടിയന്തര ചികിത്സാഘട്ടങ്ങളിലും ശസ്ത്രക്രിയാഘട്ടങ്ങളിലും അലോപ്പതിയാണ് ഏറ്റവും അഭികാമ്യമെന്നും അതില്‍ രണ്ടഭിപ്രായത്തിന്റെ ആവശ്യകത ഉദിക്കുന്നില്ലെന്നും രാംദേവ് പറഞ്ഞു.
കോവിഡിന് അലോപ്പതി ചികിത്സ ഫലപ്രദമല്ലെന്നും അലോപ്പതി ചികിത്സ മൂലമാണ് ലക്ഷക്കണക്കിന് കോവിഡ് രോഗികള്‍ മരിക്കാനിടയാതെന്നും നേരത്തെ നടത്തിയ വിവാദ പ്രസ്താവനകള്‍ മൂലം രാംദേവ് ഏറെ പ്രതിരോധത്തിലായിരുന്നു.