ഭിന്നശേഷിക്കാരുടെ കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഡ്രൈവിന് കൈ കോർത്ത്
എൻ.എസ്.എസ് വളണ്ടിയർമാർ
കാസർകോട്: ഭിന്നശേഷിക്കാരുടെ കോവിഡ് വാക്സിൻ രജിസ്ട്രേഷന് സഹായവുമായി എൻ.എസ്.എസ് വളണ്ടിയർമാർ. ജില്ലയിലെ സവിശേഷ പരിഗണന വേണ്ട ഭിന്നശേഷിക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള മെഗാ രജിസ്ട്രേഷൻ ഡ്രൈവിനാണ് എൻ.എസ്.എസ് പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനം. സവിശേഷ പരിഗണന വേണ്ട വിഭാഗങ്ങളിലുള്ളവർക്കും വാക്സിനേഷൻ കേന്ദ്രത്തിൽ പോയി വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്കും അവരുടെ വീടുകളിലോ, വീടിനോട് ചേർന്ന സ്ഥലങ്ങളിലോ മൊബൈൽ യൂണിറ്റ് സംവിധാനത്തിലൂടെ വാക്സിനേഷൻ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സവിശേഷ പരിഗണന ലഭിക്കേണ്ട 6000ലധികം ആളുകളാണ് ജില്ലയിലുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെ വി ഡിസർവ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ചലന വൈകല്യം ഉള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ, സെറിബ്രൽ പാൾസി, ഓട്ടിസം, ബഹുവൈകല്യം, ബൗദ്ധിക വെല്ലുവിളി എന്നിവ നേരിടുന്നവർ, മസ്കുലർ ഡിസ്ട്രോഫി ഉള്ളവർ, പൂർണ ശയ്യാവലംബർ തുടങ്ങിയവരുടെ വിവരങ്ങൾ വാക്സിനേഷനുള്ള കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വാർഡ് അടിസ്ഥാനത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യ വകുപ്പിന് കൈമാറുന്ന പ്രവൃത്തികളാണ് എൻ.എസ്.എസ് വളണ്ടിയർമാർ ചെയ്യുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കാസർകോട് ഗവ. കോളേജ്, എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജ്, പീപ്പിൾസ് കോളേജ് മുന്നാട്, ഗവ. കോളേജ് ഉദുമ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറായി വന്നത്. സാമൂഹിക പ്രതിബദ്ധതയും, സേവന മനോഭാവവും അർപ്പണബോധവുമുള്ള പുതുതലമുറ ലോകത്തിന് മാതൃക ആണെന്നും ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിഭലേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന കുട്ടികളെ അഭിനന്ദിക്കുന്നതായും രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തിയ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ ഷീബ മുംതാസും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജിഷോ ജയിംസ്, കോ ഓർഡിനേറ്റർമാരായ സി.രാജേഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.