കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ കാസര്‍കോട് ‘കപ്പ ചാലഞ്ച്’
കാസർകോട്: കോവിഡ് ലോക്ഡൗണും കാലം തെറ്റി പെയ്ത മഴയും പ്രതിസന്ധിയിലായ ജില്ലയിലെ കപ്പ കർഷകർക്ക് ആശ്വാസമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ‘കാസർകോട് കപ്പ ചാലഞ്ച്’ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വർഷം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1275 ഹെക്ടർ സ്ഥലത്ത് പുതിയതായി കൃഷിയിറക്കി ജില്ല ഒന്നാം സ്ഥാനം നേടിയിരുന്നു. ഇതിൽ 300 ഹെക്ടർ സ്ഥലത്തും കിഴങ്ങു വർഗ വിളയായ കപ്പയായിരുന്നു കൃഷി ചെയ്തത്. നിലവിൽ പരപ്പ ബ്ലോക്കിലെ ബളാൽ, കള്ളാർ, പനത്തടി, വെസ്റ്റ് എളേരി, കോടോം-ബേളൂർ, ഈസ്റ്റ് എളേരി, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകളിലും നീലേശ്വരം ബ്ലോക്കിലെ കയ്യൂർ-ചീമേനി പഞ്ചായത്തിലും കാറഡുക്ക ബ്ലോക്കിലെ ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിലും മാത്രം 100 ടണ്ണിലധികം പച്ച കപ്പ വിളവെടുക്കാൻ തയ്യാറായി കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെ വിഷരഹിതമായി കാസർകോട്ടെ മണ്ണിൽ ഉത്പാദിപ്പിച്ച ഉത്പാദിപ്പിച്ച ഫാം ഫ്രഷ് പച്ച കപ്പ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനാണ് കാസർകോട് കപ്പ ചലഞ്ചിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ചാലഞ്ചിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് കൃഷി വകുപ്പ് അധികൃതരുമായി ബന്ധപ്പെടാം.
പരപ്പ ബ്ലോക്ക്: 9383471976, 9383472351
കാറഡുക്ക ബ്ലോക്ക്: 9383471978
നീലേശ്വരം ബ്ലോക്ക്: 9383472331