മൊബൈല്‍ ഫോണില്ലേ, അത് പ്രശ്നമാക്കണ്ടഞങ്ങള് തരും, പഠനം സ്മാര്‍ട്ടാക്കാന്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് ചെങ്കള ഗ്രാമ പഞ്ചായത്ത് ഭരണസമിതി.
ചെര്‍ക്കള:മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസപ്പെടുന്ന കുട്ടികളെ ചേര്‍ത്തു പിടിക്കാന്‍ ചെങ്കള പഞ്ചായത്ത് ഭരണസമിതി. മൊബൈല്‍ ഫോണ്‍ ചാലഞ്ചിലൂടെ കുട്ടികളുടെ പ്രശ്നം പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക കണക്കെടുപ്പില്‍ പഞ്ചായത്ത് പരിധിയില്‍ 194 കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ സ്കൂള്‍ അധ്യാപകരുടെ സഹായത്തോടെ വിവരശേഖരണം നടന്നു വരുന്നുണ്ട്. 250ഓളം വിദ്യാര്ഥികള്ക്കെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍ വേണ്ടി വരുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിലയിരുത്തല്‍.
കുട്ടികള്‍ക്ക് സ്മാര്‍ട്് ഫോണ്‍ അല്ലെങ്കില്‍ ഐ പാഡ് നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ പറഞ്ഞു. കഴിഞ്ഞ തവണ വിക്ടേഴ്സ് ചാനലിലെ ക്ലാസിനെ മാത്രം ആശ്രയിച്ചിരുന്നതെങ്കില്‍ ഇത്തവണ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതാണ് കുട്ടികളെ കുഴക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി കുട്ടികളുണ്ടെന്നും അവര്‍ പ്രയാസത്തിലാണെന്നും മനസിലാക്കിയാണ് ഇങ്ങനെയൊരു ചാലഞ്ച് പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ആദ്യ സംഭാവന നല്‍കിക്കൊണ്ട് മൊബൈല്‍ ഫോണ്‍ ചാലഞ്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, പഞ്ചായത്ത് പരിധിയിലെ അധ്യാപകര്‍, ഇതര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചാലഞ്ചിന്റെ ഭാഗമാകും.