മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്.
കര്‍ണാടകയിലെയും ഗോവയിലെയും പോലെ മഹാരാഷ്ട്രയിലും ബി.ജെ.പി കുതിരക്കച്ചവടത്തിന് നീക്കം നടത്തുന്നതായി സൂചനകള്‍ ഉയര്‍ന്നതോടെയാണ് ശിവസേന സ്വന്തം എം.എല്‍.എമാരെ പ്രത്യേക ഹോട്ടലിലേക്കു മാറ്റിയത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ശിവസേന എം എല്‍ എമാര്‍ അസ്വസ്ഥരാകാന്‍ തുടങ്ങിയത്.
ഭരണ കക്ഷിയാകാനുള്ള പ്രതീക്ഷകള്‍ മങ്ങിയതും ഇനിയൊരു ജനവിധി തേടാനുള്ള ആത്മവിശ്വാസം ചോര്‍ന്നു പോയതുമാണ് ശിവസേന പ്രതിനിധികളെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കാം. മുഖ്യമന്ത്രി പദത്തിനായി ശിവസേന വാശി പിടിച്ചതിനെയാണ് പല എം എല്‍ എ മാരും ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. ഇതോടെ ഇത്തരമൊരു അവസ്ഥ മുന്നില്‍ കണ്ടു തയ്യാറാക്കിയ തിരക്കഥയുടെ ക്ളൈമാക്സ് പരുവപ്പെടുത്തുന്ന തിരക്കിലാണ് സംസ്ഥാനത്തെ ബി ജെ പി ക്യാമ്ബ്.
മഹാരാഷ്ട്രയിലെ 288 അംഗങ്ങളുള്ള നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ശിവസേന പ്രധാനമായും മുഖ്യമന്ത്രിപദത്തെ ചൊല്ലിയാണ് ബി ജെ പിയുമായി പിരിയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ധവ് താക്കറെയും അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായിരുന്ന ഉടമ്ബടിയാണ് ബി ജെ പി ലംഘിച്ചതെന്ന് ശിവസേനയും അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് പിന്നീട് അമിത് ഷായും മാധ്യമങ്ങളോട് പറയുകയുണ്ടായി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഗവര്‍ണര്‍ ബി എസ് കൊഷിയറി ശിവസേനയെ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ പിന്നീട് എന്‍ സി പിക്ക് അവസരം നല്‍കുകയായിരുന്നു.
എന്നാല്‍ എന്‍ സി പിക്ക് അനുവദിച്ച സമയം തീരുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതാണ് വിവാദമായത്. . അങ്ങിനെ മൂന്നാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതാണ് മന്ത്രി കുപ്പായം തയ്പ്പിച്ചു വച്ചിരുന്ന പലരെയും നിരാശരാക്കിയത്.
ഉദ്ധവ് താക്കറെയുടെ വീടിനടുത്തുള്ള ബാന്ദ്രയിലെ പ്രത്യേക ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന ശിവസേന എം എല്‍ എ മാരാണ് സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ എം എല്‍ എ മാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ നിര്ബന്ധിതനായിരിക്കയാണ് ഉദ്ധവ് താക്കറെ.
കഴിഞ്ഞ രണ്ടു രാത്രികളില്‍ നാണം കേട്ട നാടകീയ രംഗങ്ങള്‍ ഹോട്ടലില്‍ അരങ്ങേറിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ശിവസേന നേതാക്കളായ ആദിത്യ താക്കറെയും ഉദ്ധവ് താക്കറെയും ഹോട്ടലിലെത്തി എം എല്‍ എ മാരെ കാണുകയുണ്ടായി. ബി ജെ പിയുടെ ചാക്കിട്ട് പിടുത്തത്തില്‍ നിന്ന് എം എല്‍ എ മാരെ സംരക്ഷിക്കുകയെന്ന വെല്ലുവിളി ശിവസേന നേതൃത്വത്തിന് തലവേദന സൃഷ്ടിക്കും.