എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ഉറപ്പാക്കും; കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി
തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. സാധ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സേവനദാതാക്കളുടെ യോഗത്തിലാണ് തീരുമാനം. എവിടെയെല്ലാമാണ് കുട്ടികള്‍ വേണ്ടത്ര ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, എങ്ങനെ ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മയും, റേഞ്ച് ഇല്ലാത്ത പ്രശ്നവും പരിഹരിക്കാമെന്നതും സമിതി വിശദമായി പരിശോധിക്കും. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി കര്‍മപദ്ധതി തയ്യാറാക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനു വേണ്ട ഇന്റര്‍നെറ്റ് സൗജന്യമായോ, നിരക്ക് കുറച്ചോ നല്കാന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ഇന്ന് വിളിച്ചുചേര്‍ത്ത യോഗം വിശദമായി ചര്‍ച്ച ചെയ്തു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി ഊരുകളിലുള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്നമാകുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ ബാധിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിരവധി ഫോണ്‍കോളുകളും ഫേസ്ബുക്ക് സന്ദേശങ്ങളുമാണ് മുഖ്യമന്ത്രിക്കും കലക്ടര്‍മാര്‍ക്കും ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സേവനദാതാക്കളുടെ യോഗം വിളിച്ചത്.