ബേക്കൽ -കോവളം ജലപാത, കാസർകോട് ജില്ലയിലൊരുങ്ങുന്നത് 44.5 കിലോമീറ്റർ,
പദ്ധതി ടൂറിസത്തിന് ഉണർവ് നൽകും
നീലേശ്വരം: ബേക്കൽ-കോവളം ദേശീയജലപാതയ്ക്കായുള്ള ഒരുക്കം ജില്ലയിലും അതിവേഗത്തിൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ചരക്കുഗതാഗതം സുഖമമാക്കുന്നതിനും വിനോദസഞ്ചാരത്തിനും ഉണർവുനൽകുന്ന പദ്ധതിയുടെ പ്രഥമ ലക്ഷ്യം പുഴകളെ ബന്ധിപ്പിച്ചുള്ള വഴിയൊരുക്കലാണ്. ഉൾനാടൻ ജലഗതാഗതവകുപ്പ്, സിയാലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കേരളാ വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ), നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പയ്യന്നൂർ കൊറ്റിമുതൽ ചിത്താരിവരെ 44.5 കിലോമീറ്ററാണ് ജില്ലയിൽ ജലപാത ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ കൊറ്റി മുതൽ നീലേശ്വരം കോട്ടപ്പുറംവരെയുള്ള 22.5 കിലോമീറ്റർ പാതയാണ് ഒരുക്കുക. രണ്ടാംഘട്ടമായി 11.5 കിലോമീറ്റർ ദൈർഘ്യത്തിൽ കോട്ടപ്പുറത്തുനിന്നും നീലേശ്വരംപുഴയിലേക്ക് കടന്ന് അരയിക്ക് സമീപത്തെ കുളിയങ്കാൽവരെയെത്തും.
തുടർന്ന് നീലേശ്വരം-ചിത്താരി പുഴകളെ ബന്ധിപ്പിക്കുന്ന പാതയൊരുക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി കുളിയങ്കാൽ മുതൽ ചിത്താരിപുഴയൊഴുകുന്ന മടിയൻവരെ 6.5 കിലോ മീറ്റർ ദൈർഘ്യത്തിൽ കനാൽ നിർമിക്കണം. മടിയനിൽനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ചിത്താരിയെത്തും. പാതയൊരുക്കുന്നതിനായി സാങ്കേതികനടപടികൾ പുരോഗമിച്ചുവരികയാണ്.
അതേസമയം ദേശീയജലപാതയൊരുക്കുമ്പോൾ പുഴയ്ക്കുള്ള പാലങ്ങൾക്ക് ആറുമീറ്റർ ഉയരംവേണമെന്നാണ് കണക്ക്. എന്നാൽ, പടന്നയേയും വലിയപറമ്പിനേയും ബന്ധിപ്പിക്കുന്ന ഇടയിലക്കാട്, ഓരിപാലങ്ങൾക്ക് അഞ്ചുമീറ്റർ ഉയരം മാത്രമേയുള്ളു. ഇത് തുടക്കത്തിൽ തടസ്സമാകില്ലെന്നാണ് വിലയിരുത്തൽ.
ഭാവിയിൽ പാലം ഉയർത്തേണ്ടിവരും. കോട്ടപ്പുറത്തുനിന്ന് നീലേശ്വരം പുഴയിലേക്ക് കടക്കുമ്പോൾ മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലമാണ് തടസ്സംസൃഷ്ടിക്കുന്നത്. കൂടാതെ, നീലേശ്വരം പാലം, നമ്പ്യാർക്കൽ അണക്കെട്ട്, അരയിപാലം, കൂട്ടക്കടവ് തൂക്കുപാലം എന്നിവയും കുളിയങ്കാലിന് മുൻപുണ്ട്. ഇതിൽ നീലേശ്വരം പാലം ദേശീയപാതാവികസനത്തിന്റെ ഭാഗമായി പുതുക്കിപ്പണിയും. നമ്പ്യാർക്കൽ അണക്കെട്ട് കടക്കാൻ നിലവിൽ പുഴയെ വഴിതിരിച്ചുവിടുന്ന പത്തുമീറ്റർ തോട് 32 മീറ്ററായി വികസിപ്പിച്ച് കനാലുണ്ടാക്കും. അരയിപാലത്തിന് നാലുമീറ്റർ ഉയരമുള്ളതിനാൽ നിലവിൽ തടസ്സമാകില്ല. കൂട്ടക്കടവ് തൂക്കുപാലമുള്ളിടത്ത് നടപ്പാലമാക്കാനുള്ള രൂപരേഖ തയ്യാറാക്കലടക്കം പുരോഗമിക്കുന്നുണ്ട്. ആറുമാസത്തനകം ഈ പ്രവർത്തികൾ പൂർത്തിയാകും. രണ്ടുവർഷത്തിനുള്ളിൽ പാലം നിർമിക്കാനാണുദ്ദേശിക്കുന്നത്.
കനാലിനായിസർവേ ഉടൻ
:നീലേശ്വരം-ചിത്താരി പുഴകളെ ബന്ധിപ്പിക്കാൻ കുളിയങ്കാൽ മുതൽ മടിയൻ വരെ കനാലിനായി സ്ഥലമേറ്റെടുക്കാൻ സർവേ നടപടികൾ ഉടൻ ആരംഭിക്കും.
നിലവിൽ ഏരിയൽസർവേ പൂർത്തിയായി. ഇവ കഴിഞ്ഞാൽ മടിയൻ കൊടാട്ടെ വി.സി.ബി. കം ട്രാക്ടർവേയും അള്ളങ്കോട്ടെ പാലവും ചിത്താരിപാലത്തിന് ചേർന്നുള്ള റഗുലേറ്റർ കം ബ്രിഡ്ജുമാണ് തടസ്സമുണ്ടാക്കുക. ഇവയും പുതുക്കിപ്പണിയേണ്ടിവരും. കനാൽ നിർമിക്കുന്നതുകൂടാതെ 150 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.