ഡയറ്റ് അനുസരിച്ച് പ്രത്യേക ഭക്ഷണം വേണമെന്ന സുശീല്‍ കുമാറിൻ്റെ ആവശ്യം കോടതി തള്ളി.
ന്യൂഡല്‍ഹി:ഡയറ്റ് അനുസരിച്ച് തനിക്ക് ജയിലില്‍ പ്രത്യേക ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ നല്കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തളളി. ഇത് ആവശ്യമല്ല, ആഗ്രഹമാണ് എന്നാണ് സുശീല്‍ കുമാറിന് കോടതി നല്കിയ മറുപടി. ‘ജയിലിലെ ദൈനംദിന ഭക്ഷണത്തില്‍, 2018ലെ ഡല്‍ഹി പ്രിസന്‍സ് റൂള്‍സിന്റെ കീഴില്‍ വരുന്ന ഒരു കുറവും ഉണ്ടെന്ന് പ്രതി/അപേക്ഷകന് അവകാശപ്പെടുന്നില്ല. അതുവഴി, പ്രതി / അപേക്ഷകന് സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നല്‍കുന്നതെന്ന് കോടതി കണ്ടെത്തുന്നു.’ ഉത്തരവില്‍ കോടതി പറയുന്നു. സഹ ഗുസ്തിക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുശീല്‍ കുമാര്‍ ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. നിയമം തുല്യമായിരിക്കണം. അതില്‍ ഒരുപോലെ പരിഗണിക്കപ്പെടണം. കോടതി നിരീക്ഷിച്ചു. ഒമേഗ 3 ക്യാപ്സൂളുകള്, പ്രീ-വര്‍ക്ക് ഔട്ട് സപ്ലിമെന്റുകള്‍, മള്‍ട്ടിവിറ്റമിന്‍ ഗുളികകള്‍ എന്നിവ തനിക്ക് നല്‍കണമെന്ന് സുശീല്‍ കുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകള്‍ നേടിയ ഏക ഇന്ത്യക്കാരനായ സുശീല്‍ കുമാറിനെ സഹ ഗുസ്തി താരമായ സാഗര്‍ ധങ്കറിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് മാസത്തില്‍ ഒരു വാക്കേറ്റത്തെത്തുടര്‍ന്ന് കുമാറും കൂട്ടരും യുവ ഗുസ്തിക്കാരനായ സാഗര്‍ ധങ്കറിനെയും രണ്ട് സുഹൃത്തുക്കളെയും മര്‍ദ്ദിച്ചുവെന്ന് പോലീസ് ആരോപിക്കുന്നു. ശേഷം ധങ്കര്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.