ദയവായി ഷേവ് ചെയ്യൂ; മോദിക്ക് 100 രൂപ മണിയോർഡർ അയച്ച് ചായക്കടക്കാരൻ
മുംബൈ:ലോക്ഡൗണിൽ രാജ്യത്തെ അസംഘടിത മേഖല തകർന്നതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ബാരമതിയിൽനിന്നുള്ള ചായക്കടക്കാരൻ കണ്ടെത്തിയത് വ്യത്യസ്ത മാർഗം. പ്രധാനമന്ത്രിക്കൊരു കത്ത്, കൂടെ മണിയോർഡറായി നൂറുരൂപയും. മഹാരാഷ്ട്ര ബാരമതിയിൽ ചായക്കടനടത്തുന്ന അനിൽ മോറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മണിയോർഡറായി നൂറുരൂപ അയച്ചത് താടി വടിക്കണമെന്ന അഭ്യർഥനയോടെയാണ്.
‘പ്രധാനമന്ത്രി മോദിയുടെ താടി വളരെയധികം വളർന്നിരിക്കുന്നു. അതേസമയം രാജ്യത്ത് തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് തൊഴിൽ അവസരമാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് പണത്തോടൊപ്പം കത്തയച്ചത്. രാജ്യത്ത് വക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തണം. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണം. ലോക്ഡൗണിൽ പ്രതിസന്ധിനേരിടുന്ന കുടുംബങ്ങൾക്ക് 30,000 രൂപ സഹായമായി നൽകണം’ എന്നീ കാര്യങ്ങളും മോറെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി പദവിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും പ്രധാനമന്ത്രിയെ വിഷമിപ്പിക്കാനോ അവഹേളിക്കാനോ തനിക്ക് ഉദ്ദേശമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. പക്ഷേ പകർച്ചവ്യാധിയിൽ പ്രതിസന്ധിയിലായിരിക്കുന്ന ജനങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ ആകർഷിക്കുന്നതിനായാണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നും മോറ കത്തിൽ പറയുന്നു.