രാഹുല്‍ ബ്രിഗേഡ് പൊളിയുന്നു ജിതിനു പിന്നാലെ സച്ചിനെന്ന് അഭ്യൂഹം.. കാത്തിരിക്കണമെന്ന് ന കോണ്‍ഗ്രസ്, പാർട്ടിയെ വിശ്വസിക്കാനാവില്ലെന്ന് തിരിച്ചടിച്ച് സച്ചിന്
ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ, ജിതിന് പ്രസാദ.. അടുത്തത് സച്ചിന് പൈലറ്റോ? യു.പിയില്‍നിന്നുള്ള നേതാവ് ജിതിന് പ്രസാദ് ഇന്നലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. കഴിഞ്ഞ വര്‍ഷം അശോക് ഗെഹലോത്തുമായി കൊമ്പുകോര്‍ത്ത് സച്ചിന് സൃഷ്ടിച്ച ആഭ്യന്തരകലഹത്തിനു പിന്നാലെ കോണ്‍ഗ്രസ് ചില വാഗ്ദാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
അതേസമയം, ജിതിന്റെ പടിയിറക്കത്തിന് പിന്നാലെ, സച്ചിനെ ലക്ഷ്യമാക്കി കോണ്‍ഗ്രസ് പ്രതികരണമെത്തി. കാര്യങ്ങള്‍ നടപ്പാകുന്നതിന് സമയം ആവശ്യമാണ്. സച്ചിന് ക്ഷമ പാലിക്കേണ്ടതുണ്ട്- എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേതിന്റെ പ്രതികരണം. സച്ചിനെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ഉപമുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസ് ആണെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
ഗെഹലോത്തിനെതിരെയുള്ള സച്ചിന്റെ കലാപവും പാര്‍ട്ടിവിടാനുള്ള നീക്കവും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പി. തന്ത്രമാണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. ഗാന്ധികുടുംബവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് പാര്‍ട്ടിവിടാനുള്ള തീരുമാനത്തില്‍നിന്ന് സച്ചിന് പിന്‍വാങ്ങിയത്. പരാതികള്‍ പരിഹരിക്കപ്പെടുമെന്ന് നേതൃത്വത്തില്‍നിന്ന് ഉറപ്പുലഭിച്ചതായും അന്ന് സച്ചിന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഇപ്പോള്‍ പത്തുമാസം കഴിഞ്ഞു. കമ്മിറ്റി വേഗത്തില്‍ നടപടിയെടുക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകുതി സമയം കഴിഞ്ഞിരിക്കുന്നു. പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സര്‍വം സമര്‍പ്പിക്കുകയും ചെയ്ത നിരവധി പ്രവര്‍ത്തകരെ കേള്‍ക്കാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണ്- സച്ചിന് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിന് പ്രസാദ ബുധനാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ 2019-ല്‍ ജിതിന് പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നെങ്കിലും അത് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജിതിന് പാര്‍ട്ടി വിടുന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.