കൊവിഷീൽഡ്, കൊവാക്സിൻ കുത്തിവയ്പ്പെടുത്തവരിലും ഡെൽറ്റാ വേരിയന്റ് കൊവിഡ് വരുന്നു; എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ
ന്യൂഡൽഹി: കൊവിഷീൽഡ്, കൊവാക്സിൻ കുത്തിവയ്പ്പെടുത്തവർക്കും കൊവിഡ് രോഗബാധയ്ക്ക് കാരണമാകാൻ കൊവിഡ് ഡെൽറ്റാ വേരിയന്റിന് (ബി 1.617.2)കഴിയുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി എയിംസ്. ഡൽഹി എയിംസ് സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്. വാക്സിൻ എടുത്തവരിലും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് ഈ വേരിയന്റ് കാരണമാണ്.63 പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇതിൽ 36 പേർക്ക് രണ്ട് ഡോസ് വാക്സിനും 27 പേർക്ക് ഒറ്റ ഡോസുമാണ് നൽകിയത്. ഇതിൽ 10 പേർക്ക് കൊവിഷീൽഡും 53 പേർക്ക് കൊവാക്സിനുമാണ് നൽകിയത്. ഇവരിൽ 41 പേർ പുരുഷന്മാരും 22 സ്ത്രീകളുമാണ്.രണ്ട് ഡോസ് എടുത്തവരിൽ 60 ശതമാനം പേരിലും ഒറ്റഡോസ് എടുത്തവരിൽ 77 ശതമാനം പേരിലും ഡെൽറ്റാ വേരിയന്റ് സാന്നിദ്ധ്യം കണ്ടെത്തി. വാക്സിനെടുത്തവരിലും തലവേദന, ഉയർന്ന അളവിലെ പനി, ശ്വാസതടസം എന്നിവ നേരിട്ടവരിൽ നിന്നെടുത്ത സാമ്പിളുകൾ പഠിച്ചപ്പോഴാണ് ഈ കണ്ടെത്തൽ.ഈ രോഗികളിൽ വൈറൽ ലോഡിന്റെ അളവും വളരെ കൂടുതലായിരുന്നു. ഡെൽറ്റാ വേരിയന്റ് വാക്സിനെടുത്തവരിൽ അതിന്റെ ഫലം കുറയ്ക്കുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന ഈ കണ്ടെത്തൽ. എന്നാൽ പരിശോധന നടത്തിയവർക്ക് ആർക്കും ജീവഹാനി ഉണ്ടായില്ലെന്നും രോഗത്തെ പ്രതിരോധിക്കാൻ വാക്സിൻ ഫലപ്രദമായിരുന്നു എന്നും എയിംസ് അധികൃതർ പറയുന്നു.