ഇനിയും ജയിലിൽ തുടരേണ്ടി വരും; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടർച്ചയായ എട്ടാം തവണയും കോടതി മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. തുടർച്ചയായ എട്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നത്. അടുത്ത ബുധനാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക.ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജു കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് കോടതി മാറ്റിയത്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകന് ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇ ഡിയുടെ മറുപടി വാദമായിരുന്നും ഇന്ന് നടക്കേണ്ടിയിരുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിടുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് ഏഴുമാസത്തിലധികമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അച്ഛന് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കുന്നതിനായി നാട്ടില്‍ പോകാന്‍ ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും അതും കോടതി അനുവദിച്ചിരുന്നില്ല.