കൊടകര കുഴല്‍പ്പണം: കവര്‍ച്ച ചെയ്ത പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മരാജന്റെ ഹര്‍ജി കോടതി മടക്കി
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ധർമരാജന്റെ ഹർജി കോടതി മടക്കി. ഹർജിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതി ഹർജി മടക്കിയത്. പിഴവുകൾ പരിഹരിച്ച ശേഷം വീണ്ടും ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പോലീസ് കണ്ടെടുത്ത പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ധർമരാജൻ കോടതിയെ സമീപിച്ചിരുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവർച്ച നടന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ കേസിൽ പോലീസ് ഇതുവരെ പ്രതികളിൽനിന്ന് ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. അതിനാൽ ഈ പണം തനിക്ക് തിരികെ നൽകണമെന്നായിരുന്നു ധർമരാജന്റെ ആവശ്യം.
അതേസമയം, ധർമരാജൻ പോലീസിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. ആദ്യം വെറും 25 ലക്ഷം രൂപ മാത്രമാണ് കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധർമരാജൻ പോലീസിന് നൽകിയ പരാതി. പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്നും ആർ.എസ്.എസ്. പ്രവർത്തകനായ ധർമരാജൻ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാൽ കോടതിയിൽ നൽകിയ ഹർജിയിൽ ഇത് ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്തായാലും കോടതി ഹർജി പരിഗണിച്ചാൽ സ്വാഭാവികമായും പോലീസിൽനിന്ന് റിപ്പോർട്ട് തേടും. ധർമരാജൻ നേരത്തെ നൽകിയ മൊഴികളും മറ്റുവിശദാംശങ്ങളും ഉൾപ്പെടുത്തി ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.