മരണക്കുരുക്കിൽ നിന്നും മോചിതനായി ബെക്സ് നാട്ടിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ബന്ധുക്കള്‍
കൊച്ചി : വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിലൂടെ അബുദാബി ജയിലിൽ നിന്നും മോചിതനായ തൃശൂർ സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തി.
പുലർച്ചെ രണ്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബെക്സിനെ സ്വീകരിക്കാൻ കുടുംബം വിമാനത്താവളത്തിലെത്തിയിരുന്നു
വർഷങ്ങൾ നീണ്ട കരാഗൃഹവാസം, മരണത്തിൻ്റെ കാലൊച്ച കേട്ട ദിനരാത്രങ്ങൾ, ജീവിതത്തിൻ്റെ മുഴുവൻ കയ്പ്പുനീരും കുടിച്ച ബെക്സിന് അപ്രതീക്ഷിതമായിരുന്നു ജീവിതത്തിലേക്കുള്ള മടക്ക ടിക്കറ്റ്. ഭാര്യ വീണയും മകൻ അദ്വൈതും ബന്ധുക്കളും വിമാനത്താവളത്തിൽ കാത്തു നിന്നു
സുഡാനി ബാലൻ അപകടത്തിൽപ്പെട്ട ശേഷം ഭയം മൂലം വാഹനം നിർത്താതെ പോയതാണ് വിനയായതെന്ന് ബെക്സ് കൃഷ്ണൻ.വധശിക്ഷയ്ക്ക് പര്യാപ്തമായ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായിരുന്നു
എം.എ.യൂസഫലിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും ഉടൻ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബെക് സ് പറഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദാബി ജയിലിലായിരുന്ന തൃശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഇടപെടലാണ് തുണയായത്.
9 വർഷം മുമ്പ് അബുദാബി മുസഫയില്‍ വെച്ചുണ്ടായ അപകടമാണ് ബെക്സിന്റെ ജീവിതം വഴി മാറ്റിയത്. ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാന് ബാലന് മരിച്ചു. പിന്നെ അഴിക്കുള്ളിലായ ബെക്സിന് മരണക്കുരുക്കും വിധിക്കപ്പെട്ടു.
ബെക്സിന്റെ മോചനത്തിനായി കുടുംബം പല ശ്രമങ്ങളും നടത്തി. ഇതിനിടെയാണ് ഇദ്ദേഹത്തിന്റെ ദുരിതമറിഞ്ഞ എം എ യൂസുഫലി വിഷയത്തിൽ ഇടപെടുന്നത്..
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളും ഒരു കോടി രൂപ ദയാധനം നല്കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്തത്.