ചെന്നൈ: റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനിയിറിംഗ് വിദ്യാര്‍ത്ഥികള്‍ ട്രയിന്‍ തട്ടി മരിച്ചു. നാല് വിദ്യാര്‍ത്ഥികളാണ് കോയമ്പത്തൂരില്‍ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്.
കോയമ്പത്തൂരിലെ സുലൂരിന് സമീപത്തെ റാവുത്തര്‍ പാലം റെയില്‍വെ മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. ചെന്നൈ – ആലപ്പുഴ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. അപകടം നടന്നതറിഞ്ഞ് സമീപവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ബോതന്നൂര്‍ റെയില്‍വേ പൊലീസ് സംഭവസ്ഥലത്തെത്തുകയും നാല് പേരുടെ മൃതദേഹം പരിശോധിച്ച് പോസ്റ്റ്മോര്ട്ടത്തിനായിമാറ്റി. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ (22), രാജശേഖര്‍ (20), എം ഗൗതം(23), കറുപ്പസ്വാമി(24) എന്നിവരാണ് മരിച്ചത്. നാല് പേരും കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനിയിറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.കൊടൈക്കനാല്‍, തേനി, വിരുതുനഗര്‍ ജില്ലകളിലുള്ളവരാണ് ഇവര്‍. എഞ്ചിനിയറിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥി 22 കാരനായ എം വിഗ്നേഷാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിദ്യാർത്ഥികൾ മദ്യപിക്കാനായി ട്രാക്കില്‍ വന്നിരുന്നതാകാമെന്നാണ് പൊലീസിന്റെ സംശയം. ”ട്രാക്കിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും പ്ലാസ്റ്റിക് കപ്പുകളും കിട്ടിയിട്ടുണ്ട്.- അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.