ഉഡുപ്പിയിലെ ഹോട്ടല്‍ വ്യവസായിയെ വെട്ടിനുറുക്കി ചുട്ടുകൊന്ന കേസ് : ഭാര്യക്കും മകനും ജീവപര്യന്തം തടവ് ശിക്ഷ
മംഗളൂരു : ഉഡുപ്പിയിലെ പ്രവാസി ഹോട്ടല്‍ വ്യവസായിയായ ഭാസ്കര്‍ ഷെട്ടി വധക്കേസില്‍ ഭാര്യയും മകനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഭാര്യ രാജേശ്വരി ഷെട്ടി, മകന് നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യനുമായ നിരഞ്ജന് ഭട്ട് എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തെളിവുനശിപ്പിച്ച കേസില്‍ പ്രതിചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റംചുമത്തി പ്രതിചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരണപ്പെട്ടിരുന്നു. പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യത്തിലിറങ്ങി. നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. 2016 ജൂലൈ 28-ന് ആണ് ഭാസ്കര്‍ ഷെട്ടി കൊല്ലപ്പെട്ടത്. ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയശേഷം നിരഞ്ജന് ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയുംചെയ്തെന്നാണു കേസ്. ഭാസ്കര്‍ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികള്‍ അറസ്റ്റിലാവുന്നതും.