മധൂര്‍- കൊല്ലങ്കാന-ചെര്‍ളടുക്ക റോഡില്‍ യാത്ര ദുസ്സഹം ഡി വൈ എഫ് ഐ മന്ത്രി റിയാസിന് നിവേദനം നൽകി
കാസർകോട് :മധൂര്‍ — പട്ള – കൊല്ലങ്കാന – -ചെര്‍ളടുക്ക റോഡിലൂടെയുള്ള യാത്ര ദുസ്സഹമായിട്ടും പരിഹരിക്കാന്‍ നടപടിയില്ല. മാന്യ മുതല്‍ ചെര്‍ളടുക്ക വരെയുള്ള ഭാഗം പൂര്‍ണമായും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രപോലും സാധ്യമല്ലാതായി.
ബദിയടുക്ക, നെല്ലിക്കട്ട, ചെര്‍ളടുക്ക പ്രദേശങ്ങളില്‍നിന്നും പ്രശസ്തമായ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെത്താനുള്ള റോഡുമാണിത്. അന്തര്‍സംസ്ഥാന പാതയിലെ തിരക്കില്‍നിന്ന് ഒഴിവായി കാസര്‍കോട് നഗരത്തിലേക്ക് എളുപ്പത്തില്‍ ഇതുവഴി യാത്രചെയ്യാം. ദിനംപ്രതി ആയിരക്കണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡായിട്ടും നവീകരിക്കാന്‍ ആവശ്യമായ ഇടപെടല്‍ സ്ഥലം എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. നവീകരണം നടക്കുന്ന ചെര്‍ക്കള — കല്ലടുക്ക റോഡുമായി ചെര്‍ളടുക്കയില്‍ കൂടിച്ചേരുമെന്നതിനാല്‍ ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിലേക്കടക്കം പോകാന്‍ ഏറെ സഹായകരമാണ്.
റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നല്കി.