നുണക്കഥകൾ പൊളിച്ചടുക്കി ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് വികസന നടപടികളുമായി മുന്നേറ്റ പാതയിൽ
കാസര്‍കോട്:കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പൂർണ്ണ സജ്ജമാക്കാനുള്ള സർക്കാർ നടപടികള്‍ക്ക് വേഗത കൂടി. മംഗ്ലൂരു സ്വകാര്യ ആശുപത്രി വ്യവസായികളുടേയും ജില്ലയിലെ സർക്കാർ വിരുദ്ധ രാഷ്ട്രീയ ചേരിയുടെയും നുണ ക്കഥകളും എതിർപ്പുകളും തട്ടിമാറ്റിയാണ് ആശുപത്രിപ്രവർത്തനം മുന്നേറുന്നത്.
84 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പാതയായ ഏല്‍ക്കാന ഉക്കിനടുക്ക റോഡിന്റെ നിര്‍മ്മാണം കാസര്‍കോട് വികസന പാക്കേജില്‍നിന്ന് 10 കോടി രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കി. പജ്ജാനംമലങ്കര റോഡിന്റെ നിര്‍മ്മാണം 70 ശതമാനവും കഴിഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 29 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 6600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുളള, മൂന്നു നിലകളോടു കൂടിയ പെണ്‍കുട്ടികളുടെ ഹോസ്റ്റലും എട്ട് നിലകളുളള അധ്യാപക ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടെയുള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന് താമസിയാതെ സാങ്കേതിക ലഭിക്കും.
മെഡിക്കല്‍ കോളേജിനായി കിഫ്ബിയില്‍ നിന്ന് 193 കോടി രൂപ വകയിരുത്തുന്ന പദ്ധതിക്ക് ടെക്നിക്കല്‍ കമ്മിറ്റിയുടെ സാങ്കേതിക അനുമതി ലഭിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്ചൊവ്വാഴ്ച അറിയിച്ചു. കിറ്റ്കോ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജില്‍നിന്ന് എട്ട് കോടി രൂപ വകയിരുത്തിയ ജലവിതരണ പദ്ധതിക്ക് പ്രവൃത്തി ഓര്‍ഡര്‍ നല്കി.
നിര്‍മാണം പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്ക് കോവിഡിന്റെ തുടക്കം മുതല്‍ അത്യാധുനിക ചികിത്സാ സൗകര്യമുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഓക്സിജന്‍ പ്ലാന്റ് ഒരു മാസത്തിനകം സജ്ജമാകുമെന്ന് ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം രാമന് സ്വാതി വാമന്‍ പറഞ്ഞു. ഒരു മിനിറ്റില്‍ ശരാശരി 1000 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാനാവുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്.
2468 പേര്‍ക്ക് ചികിത്സ നല്കി
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഇതുവരെ 2468 പേര് കോവിഡ് ചികിത്സ കഴിഞ്ഞിറങ്ങി. 70 പേര് ഇപ്പോഴും ചികിത്സയിലുണ്ട്.
2020 ഏപ്രില്‍ ആറിനാണ് ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചത്. 200 പേര്‍ക്ക് ഇവിടെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമുണ്ട്. എന്‍ഐവി വെന്റിലേറ്ററുകളും ഓക്സിജന്‍ ബെഡുകളും ഐസിയു ബെഡുകളും ഉള്‍പ്പെടെ നൂറോളം ബെഡുകളില്‍ ഓക്സിജന്‍ നല്‍കാനും സൗകര്യമുണ്ട്.
ആദ്യ കോവിഡ് തരംഗത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ കുറവില്‍ പകച്ച് നിന്ന ജില്ലയ്ക്ക് ആശ്വാസമായത് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കിയതാണ്. രണ്ടാം തരംഗത്തിലും ജില്ലയുടെ പ്രതിരോധത്തിന് നിര്‍ണായക പങ്ക് വഹിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണസംവിധാനത്തിന്റെ സഹകരണത്തോടെ നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 27 അംഗ മെഡിക്കല്‍ വിദഗ്ധരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. നിലവില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 54 ജീവനക്കാരും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ 86 ജീവനക്കാരും ഇവിടെ കര്‍മ്മനിരതരാണ്.