കാസർകോട്ടുകാരനും രശ്മിയും പശുപാലനും പ്രതികളായ ‘ഓപ്പറേഷൻ ബിഗ് ഡാഡി’
പെൺവാണിഭക്കേസ് വിചാരണ നടപടികളിലേക്ക്
തിരുവനന്തപുരം: രശ്മിനായരും രാഹുൽ പശുപാലനുമുൾപ്പെട്ട ഓൺലൈൻ പെൺവാണിഭക്കേസ് വിചാരണനടപടികളിലേക്ക്. അടുത്ത മാസം അഞ്ചിന് തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാകാൻ രാഹുലും രശ്മിനായരുമുൾപ്പെടെയുള്ള കേസിലെ മുഴുവൻ പ്രതികൾക്കും കോടതിയുടെ നോട്ടീസ് ലഭിച്ചു. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിക്കാനാണ് ജൂലായ് അഞ്ചിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസിന്റെ വിചാരണ നടപടികളുടെ ആദ്യപടിയാണിത്. എന്താണ് ഓപ്പറേഷൻ ബിഗ് ഡാഡി?
2015 നവംബറിൽ ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ’ഓപ്പറേഷൻ ബിഗ് ഡാഡി’യിലാണ് രാഹുലും രശ്മിയുമുൾപ്പെടെ ഓൺലൈൻ പെൺവാണിഭസംഘം പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഓൺലൈൻ സൈറ്റുകളുടെ സഹായത്തോടെ ലൈംഗികചൂഷണത്തിന് ഉപയോഗിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പദ്ധതി ആവിഷ്കരിച്ചത്.
ഇടപാടുകാരെന്ന വ്യാജേന പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് രാഹുൽ പശുപാലനും കൂട്ടരും വലയിലായത്. കൊച്ചുസുന്ദരികളെന്ന ഫേസ് ബുക്ക് പേജും ലൊക്കാന്റോയെന്ന സൈറ്റും വഴിയായിരുന്നു ഇവരുടെ ഇടപാടുകൾ.
2015 സെപ്തംബർ അഞ്ചിനാണ് കൊച്ചുസുന്ദരികളെന്ന ഫേസ് ബുക്ക് പേജ് സംബന്ധിച്ചുള്ള പരാതി സ്ക്രീൻ ഷോട്ടുകൾ അടക്കമുള്ള തെളിവുകളുമായി പൊലീസിന് മുമ്പിലെത്തുന്നത്. കുട്ടികളെ ആവശ്യപ്പെട്ട് വേഷം മാറിയെത്തിയ പൊലീസ് സംഘത്തിന് വാണിഭ സംഘം ആദ്യം കാണിച്ചു കൊടുത്തത് രശ്മി നായരുടെ ഫോട്ടോയായിരുന്നു. പിന്നീട് പ്രായപൂർത്തിയാകാത്ത നാലുകുട്ടികളെയും രശ്മി നായരെയും അടക്കം അഞ്ച് സ്ത്രീകളെ നൽകാമെന്ന് കരാറായി. രണ്ട് സ്ത്രീകളെ എത്തിക്കുകയും ചെയ്തു. മറ്റ് രണ്ടു സ്ത്രീകളെ എത്തിക്കുന്നതിനിടെ സംശയം തോന്നി സ്ത്രീകളുമായി വന്ന വാഹനം നിർത്താതെ പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെട്ടു. ചുംബന സമരവും കേരളത്തിന്റെ സമകാലിക രാഷ്ട്രീയ സംഭവങ്ങളും വിഷയമാക്കി ’പ്ലിംഗ്’ എന്ന പേരിലുള്ള സിനിമയുടെ അണിയറപ്രവർത്തനത്തിലായിരുന്നു അറസ്റ്റിലാവുമ്പോൾ രാഹുൽ പശുപാലൻ.പിടികൂടിയത് അക്ബർ വഴിഓൺലൈൻ പെൺവാണിഭത്തിന് പൊലീസ് പിടിയിലായ സംഘത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം രാഹുൽ പശുപാലനെയും സംഘത്തെയും കുടുക്കിയത്. കൊച്ചി കേന്ദ്രമാക്കിയായിരുന്നു പെൺവാണിഭം നടന്നത്. ബഹ്റിനിൽ ജോലിയുള്ള അക്ബറായിരുന്നു സംഘത്തിലെ പ്രധാന കണ്ണി. ഇയാളുമായി ബന്ധപ്പെട്ടാണ് ചുംബനസമര നായകൻ രാഹുലും രശ്മിയും പെൺവാണിഭ ഇടപാടുകൾ നടത്തിയത്. ലൊക്കാന്റോ വെബ്സൈറ്റിൽ അക്ബർ നൽകിയ നമ്പരിൽ പൊലീസ് ബന്ധപ്പെട്ടാണ് സംഘത്തെ കുരുക്കുന്നതിന് വഴിയൊരുക്കിയത്. ഇടപാടുകാരായി ചമഞ്ഞ് ഇവരെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചുംബനസമരത്തിലൂടെയും അർദ്ധനഗ്ന ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രശസ്തയായ രശ്മി നായരുടെ ഫോട്ടോകളാണ് അക്ബർ ആദ്യം ഇവർക്ക് വാട്ട്സ് ആപ്പിലൂടെ അയച്ചുകൊടുത്തത്. ഒരു രാത്രി 80,000 രൂപയാണ് രശ്മിയുടെ റേറ്റ് എന്നും അക്ബർ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുണ്ടോയെന്നും തങ്ങളുടെ സംഘത്തിലുള്ള ഹിന്ദിക്കാർക്ക് അതാണ് ഇഷ്ടമെന്നും പൊലീസ് സംഘം പറഞ്ഞപ്പോൾ ഇക്കാര്യം സമ്മതിച്ച അക്ബർ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ നൽകാമെന്നും മൂന്നു ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. രശ്മിയടക്കം അഞ്ചു പേർക്ക് ഒരു രാത്രി നാലു ലക്ഷം രൂപയാണ് അക്ബർ ആവശ്യപ്പെട്ടത്. അക്ബർ ആവശ്യപ്പെട്ട പ്രകാരം 18,000 രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴി പൊലീസ് അക്ബറിന് കൈമാറി.
വിവാഹം നിശ്ചയിച്ചിരുന്ന അക്ബർ ദിവസങ്ങൾക്കു മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. റെയ്ഡിനും മറ്റും സാദ്ധ്യതയുള്ളതിനാൽ അക്ബറും എത്തണമെന്ന് പൊലീസ് സംഘം വാശിപിടിച്ചതോടെ കാസർകോട്ടെ വീട്ടിൽ നിന്ന് കൊച്ചിയിലെത്തിയ അക്ബറിനെ പൊലീസ് വലയിലാക്കുകയായിരുന്നു. പൊലീസ് നിർദ്ദേശപ്രകാരമാണ് മറ്റുള്ളവരെ ഇയാൾ ബന്ധപ്പെട്ടത്. ഇയാളിൽനിന്ന് കിട്ടിയ വിവരമനുസരിച്ചാണ് ബംഗളുരു സ്വദേശിനികളായ പെൺകുട്ടികളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ലെനീഷ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് രശ്മിയേയും രാഹുലിനേയും കുടുക്കാൻ പൊലീസ് ഹോട്ടലിൽ കാത്തു നിന്നു. സംഘത്തിലെ മറ്റുള്ളവരുടെ അറസ്റ്റ് വിവരങ്ങൾ രശ്മി അറിഞ്ഞിരുന്നില്ല. രാത്രി ഹോട്ടൽ മുറിയിൽ എത്താൻ പൊലീസ് സംഘം രശ്മിയോട് ആവശ്യപ്പെട്ടു. ഭർത്താവ് രാഹുലിനും ആറു വയസുകാരനായ മകനുമൊപ്പം മുറിയിലെത്തിയപ്പോഴാണ് രശ്മിയെ കസ്റ്റഡിയിലെടുത്തത്. രാഹുൽ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയ ശേഷമാണ് ഇതേ സംഘത്തിലെ മറ്റൊരു ഗ്യാംഗിനെ പിടികൂടാനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയിൽ റോഡരികിൽ നിലയുറപ്പിച്ചത്. കാലടി ഭാഗത്തേക്കുള്ള റോഡിൽ ആഡംബര ഹോട്ടലിന്റെ മുന്നിൽ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയിൽ നിന്നിരുന്ന പൊലീസ് ഫോണിൽ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ആൾട്ടോ കാറിൽ ഇടനിലക്കാരനെത്തി. എന്നാൽ കാറിനടുത്തേക്ക് വന്ന പൊലീസിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ പെട്ടെന്ന് കാറോടിച്ച് കടന്നുകളഞ്ഞു. കാർ ഇടിച്ച് ക്രൈം ബ്രാഞ്ച് എസ്.ഐ കെ.ജെ. ചാക്കോയ്ക്ക് പരിക്കേറ്റു. മുംബയിൽ നിന്നുള്ള രണ്ട് മോഡലുകളെയാണ് ഇടനിലക്കാരൻ കാറിൽ കൊണ്ടുവന്നത്.മുഖ്യകണ്ണി അച്ചായൻരാഹുൽപശുപാലനും രശ്മി നായരുമടങ്ങിയ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണി കൊച്ചി സ്വദേശിയായ അച്ചായെന്നറിയപ്പെട്ടിരുന്ന ജോഷിയായിരുന്നു. സംസ്ഥാനത്ത് കുപ്രസിദ്ധമായ നിരവധി പെൺവാണിഭക്കേസുകളിൽ ഉൾപ്പെട്ട ഇയാൾ പല തവണ പിടിയിലായിട്ടുണ്ടെങ്കിലും മാംസക്കച്ചവടത്തിന്റെ ഇടനിലക്കാരനെന്ന മേൽവിലാസത്തിൽ നിന്ന് പിൻമാറാൻ തയ്യാറായിരുന്നില്ല. അച്ചായനെന്ന പേരിലറിയപ്പെടുന്ന ജോഷിയാണ് ബംഗളൂരുവിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചിരുന്നത്. ജോഷിജോസഫ് എന്ന അച്ഛായനെ മാത്രമല്ല, പെൺവാണിഭത്തിന് ഇറങ്ങിത്തിരിച്ച മകൻ ജോയ്സ് ജോസഫിനെയും പിടികൂടി കേസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് ഓപ്പറേഷൻ ബിഗ്ഡാഡിയുടെ വിജയമായിരുന്നു.പതിമൂന്ന് പ്രതികൾവിളപ്പിൽശാല സ്വദേശിയായ അക്ബർ തന്റെ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത ബംഗളുരു സ്വദേശികളായ സഹോദരിമാരെ പീഡിപ്പിച്ചുവെന്നും കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, പാലക്കാട് സ്വദേശി ആഷിഖ് എന്നിവർ ജോലി വാഗ്ദാനംചെയ്ത് യുവതികളെ പീഡിപ്പിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇവരെക്കൂടാതെ കാസർകോട് സ്വദേശി ജിന്റോ, വിളപ്പിൽശാല സ്വദേശി സുൾഫിക്കർ, ബംഗളൂരു സ്വദേശി ലെനീഷ് മാത്യു, പീരുമേട് സ്വദേശി അജീഷ്, ഈരാറ്റുപേട്ട സ്വദേശി മനാഫ്, എറണാകുളം സ്വദേശി ദിലീപ് ഖാൻ, താമരശ്ശേരി സ്വദേശികളായ ജോഷി ജോസഫ്, ജോയ്സ് ജോസഫ് എന്നിവരാണ് മറ്റ് പ്രതികൾ.