ന്യൂദല്‍ഹി: റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.റഫാലിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് അനുകൂലമാണെന്നും സുപ്രീം കോടതിയുടെ ഡിസംബര്‍ 14ലെ വിധിയില്‍ അപാകതയൊന്നും ഇല്ലായിരുന്നെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ആവശ്യമാണ് ഹരജിക്കാര്‍ മുന്നോട്ടുവെച്ചത്.റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശാന്ത് ഭൂഷണ്, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരാണ് റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിയമയുദ്ധം നയിക്കുന്നത്.
റഫാലില്‍ മോദി സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.