വ്യാജ കൊവിഡ് മരുന്നുകൾ നിർമ്മിച്ചതിന് ഒരാൾ പിടിയിൽ, വ്യാജ മരുന്നുകൾ വിപണിയിൽ സുലഭം
മുംബൈ : കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫവിപിരവിറിൻ്റെ വ്യാജമരുന്നുകൾ നിർമ്മിച്ചതിനും വിതരണം ചെയ്തതിനും ഒരാളെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ഒരു മരുന്ന് നിർമ്മാണശാലയിലെ ജീവനക്കാരനായ സന്ദീപ് മിശ്രയാണ് പിടിയിലായത്. വ്യാജ കൊവിഡ് മരുന്നുകളുടെ നിർമ്മാണവും വിൽപനയുമായി ബന്ധപ്പെട്ട് ഇതുവരെയായി മൂന്ന് പേരെ മുംബയ് പൊലീസ് പിടിക്കൂടിയിട്ടുണ്ട്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡമിനിസ്ട്രേഷൻ വിഭാഗം മുംബയിൽ നടത്തിയ റെയ്ഡിൽ ഒന്നരകോടി രൂപ വിലവരുന്ന ഫവിമാക്സ് 400, ഫവിമാക്സ് 200, ഹൈഡ്രോക്സി ക്ളോറോക്വിൻ എന്നീ ടാബ്ലറ്റുകളുടെ വ്യാജന്മാരെ കണ്ടെത്തുകയായിരുന്നു. ഈ മരുന്നുകളുടെ പിറകിൽ കണ്ട മാക്സ് റിലീഫ് എന്ന മരുന്നുകമ്പനിയുടെ വേരുകൾ തപ്പി പോയപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്.റെക്കാഡുകൾ അനുസരിച്ച് ഹിമാചൽ പ്രദേശിൽ പ്രവർത്തിക്കുകയായിരുന്ന മരുന്നു കമ്പനിയെ കുറിച്ച് അവിടുത്തെ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് അങ്ങനെ ഒരു കമ്പനി അവിടെ പ്രവർത്തിക്കുന്നില്ല എന്ന് മുംബയിലെ ഉദ്യോഗസ്ഥർ മനസ്സിലാക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ മാക്സ് റിലീഫിന്റെ നോയിഡയിലെ ഫാക്ടറിയിൽ ഉണ്ടാക്കുന്ന വ്യാജ മരുന്നുകൾ വളരെകാലമായി മഹാരാഷ്ട്രയിലുടനീളം വിൽക്കുന്നതായി കണ്ടെത്തി.മേയ് 30ന് മാക്സ് റിലീഫിന്റെ ഉടമയായ സുധീപ് മുഖർജി ഫുഡ് ആൻഡ് ഡ്രഗ്സ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാവുകയും കമ്പനിയുമായി ബന്ധപ്പെട്ട ചില രേഖകൾ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ ആ രേഖകൾ എല്ലാം വ്യാജമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ പൊലീസിൽ രേഖാമൂലം പരാതി നൽകുകയായിരുന്നു.തുടർന്ന് അന്വേഷണം ഏറ്റെടുത്ത പൊലീസ് ഉത്തർപ്രദേശിലെ മീറത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും സുധീപ് മുഖർജിക്ക് മരുന്നുകൾ നിർമ്മിച്ചു നൽകിയിരുന്ന സന്ദീപ് മിശ്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു.