ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി, ജൂലായ് ആറു വരെ നേരിട്ട് പ്രവേശനം ഇല്ല
ദുബായ്: ഗൾഫിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കി യു എ ഇ ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ജൂലായ് ആറ് വരെ വീണ്ടും നീട്ടി. കഴിഞ്ഞ ഏപ്രിൽ 24നാണ് യു എ ഇ ഭരണകൂടം ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയിൽ ക്രമാതീതമായി കൂടിയതിനെ തുടർന്നായിരുന്നു ഈ തീരുമാനം. എന്നാൽ രോഗികളുടെ എണ്ണം കുറയുന്ന മുറയ്ക്ക് വിലക്ക് മാറ്റും എന്നും ഭരണകൂടം അറിയിച്ചിരുന്നു.ജൂൺ 30 ന് വിലക്ക് അവസാനിക്കുമെന്നും ജൂലായ് ആദ്യ വാരം മുതൽ ഇന്ത്യക്കാർക്ക് പ്രവേശനം ഉണ്ടാകുമെന്നുമുള്ള തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നു. എന്നാൽ ജൂലായ് ആറു വരെ ഇന്ത്യക്കാർക്കു നേരിട്ടു പ്രവേശനം നൽകേണ്ടതില്ലെന്ന് യു എ ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.യു എ ഇ പ്രവേശന വിലക്ക് നീക്കും എന്ന ധാരണയിൽ മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ ജൂലൈ ആദ്യവാരത്തേക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഇവരോടെല്ലാം തന്നെ ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റുകൾ പുനക്രമീകരിക്കാൻ എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.യു എ ഇയ്ക്കു പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.