തിരുവനന്തപുരം: സൗജന്യ ഇന്റര്‍നെറ്റ് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിന്റെ സൂചനകളാണിത്.
ആദിവാസിമേഖലയ്ക്കാണ് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഈ സേവനം എങ്ങനെ ലഭ്യമാക്കും എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈന്‍ കേബിള്‍ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെങ്കില്‍ കെഎസ്ഇബിയുടെ സഹായവും ഈ പദ്ധതിയ്ക്ക് വേണ്ടി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണക്ടിവിറ്റി ഇല്ലാത്തിടങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അട്ടപ്പാടി ആദിവാസി മേഖലകളില്‍ നിന്നും മറ്റും തുടര്‍ച്ചയായി വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ആദിവാസി മേഖലകളില്‍ ഉപയോഗിച്ചിരുന്ന ടി വി കളും മറ്റും നശിച്ചു പോയെന്നും, കുട്ടികള്‍ ദിവസങ്ങളായി പഠനം മുടങ്ങിയിരിക്കുകയാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.