പുതിയ വാക്സിന് നയം: ബാധ്യത 50,000 കോടിയെന്ന് ധനമന്ത്രാലയം; വിതരണത്തിന് പുതിയ മാര്‍ഗരേഖ
ന്യുഡല്‍ഹി: വാക്സിനേഷന് പൂര്‍ണ്ണമായും സൗജന്യമാക്കിയ പുതിയ വാക്സിന് നയത്തിലൂടെ കേന്ദ്രസര്‍ക്കാരിന് വരുന്ന ബാധ്യത 50,000 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം. 18 വയസ്സിനു മുകളിലുള്ളവര്‍ക്കുമുള്ള വാക്സിന് കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്കാന് തീരുമാനിച്ചതോടെയാണ് ഇത്രയും തുക വേണ്ടിവരുന്നത്.
നിലവില്‍ വാക്സിന് വാങ്ങാനുള്ള ഫണ്ട് സര്‍ക്കാരിന്റെ പക്കലുണ്ട്. അനുബന്ധ ഗ്രാന്റ് ഇതിന് ആവശ്യമില്ല. രണ്ടാം റൗണ്ടില്‍, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തോടെയായിരിക്കും ഇതിനുള്ള ഫണ്ട് വേണ്ടിവരിക. നിലവില്‍ സര്‍ക്കാരിന്റെ പക്കല്‍ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
വിദേശ വാക്സിനുകളെ അധികം ആശ്രയിക്കില്ല. ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബയോ-ഇ എന്നിവ നിര്‍മ്മിക്കുന്ന വാക്സിന് ഉപയോഗിച്ച് മുഴുവന്‍ ജനങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നഷ്ടപരിഹാരതെത ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഫൈസര്‍, മൊഡേണ എന്നിവയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുടങ്ങിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ അടുത്ത ജനുവരി വരെ മോഡേണ വരാന്‍ സാധ്യത തീരെയില്ല.
നിലവില്‍ കോവാക്സിനും കോവിഷീല്‍ഡും റഷ്യയുടെ സ്പുട്നിക്കുമാണ് രാജ്യത്തുള്ളത്. അതില്‍ സ്പുട്നിക് കാര്യമായ എണ്ണം ഇന്ത്യയില്‍ എത്തുന്നില്ല. ബയോളജിക്കല്‍-ഇ വാക്സിന് നിര്‍മ്മാണത്തിന് കമ്പനിക്ക് 1500 കോടി രുപ മുന്‍കൂര്‍ ആയി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വാങ്ങിനല്‍കുന്നതിന് ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. ജനസംഖ്യ, രോഗവ്യാപനം, വാക്സിനേഷന് പദ്ധതി, പാഴാക്കല്‍ എന്നിവയെല്ലാം പരിഗണിച്ചായിരിക്കും പുതിയ മാര്‍ഗരേഖ പ്രകാരം വാക്സിന് നല്‍കുക.
ജൂണ്‍ 21 മുതല്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് സൗജന്യമാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം വാക്സിന് വാങ്ങി നല്‍കുന്നത്.
ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, തമിഴ്നാട്, ജമ്മു കശ്മീര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് പാഴാക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ ശരാശരി 6.3% ആണ്.