മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രന് എതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു,കാസര്‍കോട്ടെ ബിജെപി സ്ഥാനാര്‍ഥികള്‍ അങ്കലാപ്പില്‍
കാസര്‍കോട്: അപര സ്ഥാനാര്‍ഥിക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന് കോഴകൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതിയായ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ഇന്നലെയാണ് ബദിയടുക്ക പോലീസ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 171(ബി) പ്രകാരമുള്ള കേസ് ആയിരുന്നു സുരേന്ദ്രന് എതിരെ ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രിയോടെ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ച് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചേര്‍ത്തിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നാണ് കേസ്. സുരേന്ദ്രനെതിരെ സുന്ദര നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുന്ദരയുടെ മൊഴി ബദിയടുക്ക പോലീസ് എടുത്തിരുന്നു.
ബി.ജെ.പി. പ്രവര്‍ത്തകര്‍ തന്നെ ബലംപ്രയോഗിച്ച് വീട്ടില്‍നിന്ന് പിടിച്ചു കൊണ്ടുപോയിരുന്നെന്നും ദിവസങ്ങളോളം തടങ്കലില്‍വെച്ചെന്നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. സുരേന്ദ്രന്റെ സഹായികളായ സുനില്‍ നായിക്, സുരേഷ് നായിക്, പ്രകാശ് ഷെട്ടി തുടങ്ങിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനവും പോലീസ് കൈക്കൊണ്ടിട്ടുണ്ട്.
അതിനിടെ ബിജെപി വിജയസാധ്യതാ പട്ടികയിൽ ഉൾപെടുത്തിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളിലേക്കും അന്വേഷണം നീണ്ടേക്കും.
മഞ്ചേശ്വരത്തിന് പുറമെ കാസർകോട് മണ്ഡലത്തിലെ ബിജെപി നീക്കങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.