പഞ്ചായത്ത് നിർദേശത്തിൽ റോഡ് പൊളിച്ചുനീക്കാനുള്ള ശ്രമം സി.പി.എം. തടഞ്ഞു
സിപിഎം -യൂത്ത് ലീഗ് സംഘർഷം പോലീസെത്തി നീക്കി
കാഞ്ഞങ്ങാട് : വയൽ നികത്തി നിർമിക്കുന്നുവെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടിന്റെ തറ പൊളിച്ച സ്ഥലത്ത് സി.പി.എം-യൂത്ത് ലീഗ് സംഘർഷം. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽപ്രദേശത്ത് കഴിഞ്ഞ ഏപ്രിൽ 15-നാണ് വീടിന്റെ തറ പൊളിച്ചത്.
മുസ്ലിം ലീഗ് അനുഭാവി റാസിഖാണ് വീട് നിർമിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ പരാതിയിൽ വീടുനിർമാണം തടഞ്ഞുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി ഉത്തരിവിട്ടിരുന്നു.
പഞ്ചായത്ത് നേരത്തെ അനുമതി നൽകിയതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് റാസിഖ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷയും നൽകിയിരുന്നു. ഉത്തരവ് പിൻവലിക്കണമെങ്കിൽ സ്ഥലത്തേക്കുള്ള റോഡ് പൊളിച്ചുനീക്കണമെന്നായി പഞ്ചായത്ത് സെക്രട്ടറി.
ഇതനുസരിച്ച് തിങ്കളാഴ്ച പണിക്കാരുമായെത്തിയപ്പോൾ സ്ഥലത്തെ സി.പി.എം. പ്രവർത്തകർ സംഘടിച്ചെത്തി തടഞ്ഞു. യൂത്തുലീഗുകാരും സംഘടിച്ചു.
ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി. ഒടുവിൽ പോലീസ് സാന്നിധ്യത്തിൽ യൂത്തു ലീഗുകാർ റോഡിലെ കല്ലുകൾ എടുത്തുമാറ്റി. ഇതുവരെയുള്ള പണി പഞ്ചായത്ത് സെക്രട്ടറിയെ കാണിച്ച് തുടർപ്രവർത്തി നടത്തുമെന്ന് റാസിഖ് പറഞ്ഞു.
അതിനിടെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് നൽക്കാത്തിനാണ് ഇത്രയധികം ദ്രോഹം സി.പി.എം. നടത്തുന്നതെന്നാണ് റാസിഖിന്റെയും മുസ്ലിംലീഗിന്റേയും ആരോപണം.
എന്നാൽ, വയൽ നികത്തി വീട് നിർമിക്കാൻ അനുവദിക്കില്ലെന്നും മറ്റുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ആവർത്തിച്ചു