25 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം; ബംഗളൂരുവില്‍ രണ്ട്കാസര്കോട് സ്വദേശികള്‍ പിടിയില്‍.
ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. ആര് ഖാന്, എസ് ഹുസൈന് എന്നിവരാണ് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി)യുടെ പിടിയിലായത്. 3.8 കിലോ ഹാഷിഷ് ആണ് ഇവര്‍ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചത്.
കൊറിയറായി ദോഹയിലേക്ക് ഹാഷിഷ് അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. 195 ചെറു ബാഗുകളിലായി 2.6 കിലോ ഹാഷിഷ് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്കൂള്‍ ബാഗുകള്‍ക്കുള്ളിലെ ചെറിയ പോക്കറ്റ് ബാഗുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയാണ് കൊറിയര്‍ അയക്കാന്‍ എത്തിച്ചത്. പ്രതികള്‍ രാജ്യാന്തര ലഹരികടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എന്‍.സി.ബി അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നേരത്തെയും സമാനമായ രീതിയില്‍ ഹാഷിഷ് പിടികൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കിലോ ഹാഷിഷ് എന്‍.സി.ബി പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വീണ്ടും കാര്‍ഗോ വഴി പാര്‍സല്‍ അയക്കാന്‍ എത്തിയപ്പോള്‍ പരിശോധന നടത്തി ഇരുവരെയും പിടികൂടിയത്. രണ്ടു ദിവസങ്ങളിലായാണ് ആകെ 3.8 കിലോ ഹാഷിഷ് പിടിച്ചെടുത്തത്.