ചട്ടഞ്ചാല്‍ ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം തുടങ്ങി :സംസ്ഥാനത്ത് 35 ഓക്സിജന്‍ പ്ലാന്റുകള്‍കൂടി സ്ഥാപിക്കും,പ്രാണവായു ഇനി പ്രശ്നമാകില്ല,മന്ത്രി എം.വി.ഗോവിന്ദന്
ചട്ടഞ്ചാൽ : കോവിഡ് മഹാമാരിയുടെ മൂന്നാംതരംഗം ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ സംസ്ഥാനത്താകെ 38.5 കോടി രൂപ മുതല്‍മുടക്കില്‍ 35 ഓക്സിജന്‍ പ്ലാന്റുകള്‍കൂടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായി മന്ത്രി എം.വി.ഗോവിന്ദന് പറഞ്ഞു. ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ തറക്കല്ലിടല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷയായി. കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസ് 1.87 കോടി രൂപ ചെലവില്‍ 84 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. അന്തരീക്ഷത്തില്‍നിന്ന് ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്‍ 200 സിലിന്‍ഡറുകളാണ് ദിവസവും നിര്‍മിക്കാനുദ്ദേശിക്കുന്നത്. പദ്ധതിപ്രദേശത്ത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് ശിലാസ്ഥാപനം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ജില്ലാപഞ്ചായത്തിന്റെ ടെലി മെഡിസിന് പദ്ധതി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പള്‍സ് ഓക്സീമീറ്ററുകളുടെ വിതരണം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.മാരായ ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, കളക്ടര്‍ ഡോ. ഡി.സജിത് ബാബു, കെ.വി.സുജാത, സി.എ.സമീമ, സുഫൈജ അബൂബക്കര്‍, എസ്.എന്‍.സരിത എന്നിവര്‍ സംസാരിച്ചു.