രാജ്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേന്ദ്രം നയം മാറ്റിജൂണ് 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും സൗജന്യ വാക്സിന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്സിന് നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന് സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
25 ശതമാനം വാക്സിന് സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. 75 ശതമാനം വാക്സിന് സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും.
കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു. ഓക്സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ഉത്പാദനം പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചു.
കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കോവിഡ് പ്രോട്ടോക്കോള്‍. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിന്. ലോകത്ത് വാക്സിന് നിര്‍മാണം കുറവാണ്. ലോകത്തിന്റെ ആകെ ആവശ്യത്തിന് ആനുപാതികമായി ലോകത്ത് വാക്സിന് നിര്‍മാതാക്കളില്ല. നമുക്ക് വാക്സിന് ഇല്ലായിരുന്നെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്നും മോദി ചോദിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യം രണ്ട് വാക്സിനുകള്‍ വികസിപ്പിച്ചു. 23 കോടി വാക്സിന് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വാക്സിന് വിതരണം വര്‍ധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്സിനുകള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്.
രാജ്യത്തിന്റെ വാക്സിന് വിതരണം വര്‍ധിപ്പിക്കണമെങ്കില്‍ വിദേശത്ത് നിന്ന് വാക്സിന് സംഭരിക്കുന്നത് വര്‍ധിപ്പിക്കണം. കുട്ടികള്‍ക്കുള്ള വാക്സിന് സംബന്ധിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി നേസല്‍ വാക്സിനും ഗവേഷണ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.