കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതി അബ്ദുള്ളക്കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം; വിജിലൻസ് വീണ്ടും മൊഴിയെടുക്കും
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലെ അഴിമതിയുമായി ബന്ധപ്പെട്ടു മുന്‍ എം.എല്‍.എ: എ.പി. അബ്ദുള്ളക്കുട്ടി നല്കിയ മൊഴിയില്‍ വൈരുധ്യമെന്നു വിജിലന്‍സ്. വീണ്ടും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അവര്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കു ടെന്‍ഡര്‍ നല്കിയതിലടക്കം അടിമുടി ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തല്‍.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണു പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തത്. അവരില്‍നിന്നു ബംഗളൂരുവിലെ കൃപാസ് ടെലികോം കരാറെടുത്തു. കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയില്‍ 3.58 കോടി രൂപ ചെലവിലാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഒരുക്കിയത്. ഒരു ദിവസംമാത്രമായിരുന്നു പ്രദര്‍ശനം. അഴിമതിയില്‍ അന്നത്തെ ടൂറിസം മന്ത്രി അനില്കുമാറിനുമാത്രമാണ് പങ്കെന്നാണ് അബ്ദുള്ളക്കുട്ടിയുടെ നിലപാട്.