താന്‍ എന്നും പാര്‍ട്ടിയുടെ തണലിലാണ്.ആ വാര്‍ത്ത തന്നോട് ചെയ്തക്രൂരത:തന്നെക്കുറിച്ചുള്ള വാര്‍ത്ത തെറ്റെന്ന് മുന്‍ എംഎല്‍എ, എം.നാരായണന്
നീലേശ്വരം: ‘ഞാൻ എന്നും എന്റെ പാർട്ടിയുടെയും സഖാക്കളുടേയും തണലിലും, സഹായത്തിലുമാണ്. എന്റെ
ചികിത്സയ്ക്കായി ആർക്കു മുന്നിലും കൈനീട്ടേണ്ട കാര്യമില്ല. അത്തരം വാർത്തകൾ വളച്ചൊടിച്ചതും സാങ്കൽപിക വുമാണ് ‘
തിരുവനന്തപുരം ശ്രീചിത്രയിൽ ഹൃദയവാൽവ് മാറ്റിവയ്ക്കൽ ചികിത്സയ്ക്കു വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും പാർട്ടിയും സർക്കാരും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും ഞാൻ ചികിത്സയ്ക്കായി കൈനീട്ടുന്നുവെന്നും വിലപിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണ്. ഭാവനാവിലാസമാകാമെങ്കിലും ഇത്ര ക്രൂരത വേണ്ടിയിരുന്നില്ല’- മുൻ എം.എൽ.എയും സി.പി.ഐ കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ എം. നാരായണൻ പറഞ്ഞു.
ഒരു മലയാള മനോരമ ദിനപത്രത്തിലാണ് താൻ ചികിത്സ നടത്താൻ വകയില്ലാതെ ദുരിതത്തിലാണെന്ന കെട്ടിച്ചമച്ച വാർത്ത വന്നതെന്നും ഇത് തന്നോട് കാണിച്ച ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുതവണ എം.എൽ.എയായ തന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എം.പിയുമായ ബിനോയ് വിശ്വം താൻ
ചികിത്സയ്ക്ക് ചെല്ലുന്ന കാര്യം ശ്രീചിത്രയിലെ ഡോക്ടറെ അറിയിച്ചിട്ടുണ്ട്. അഡ്വാൻസ് റീ ഇംപേഴ്സന്റിന് സ്പീക്കർക്ക് നേരിട്ട് അപേക്ഷ നൽകുകയും ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ ചികിത്സാ തുക അഡ്വാൻസായി നൽകാൻ നടപടിയെടുക്കാമെന്നും അറിയിച്ചതാണ്. എന്നിട്ടും താൻ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് വാർത്ത പടച്ചുവിട്ടത് തന്നെയും പാർട്ടിയെയും അവഹേളിക്കാനാണ്.
വാർത്ത നൽകിയ പത്രത്തിന്റെ ലേഖകൻ സുഖവിവരങ്ങളന്വേഷിച്ചപ്പോൾ ചികിത്സാ കാര്യവും പറഞ്ഞിരുന്നു. ശ്രീചിത്രയിൽ
അതിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും പറഞ്ഞിരുന്നു. എന്നാൽ താൻ
പറയുകപോലും ചെയ്യാത്ത കാര്യങ്ങൾ ഭാവനയിൽ സൃഷ്ടിച്ച്
വാർത്തയാക്കുകയായിരുന്നു. തനിക്ക് വിവിധ കോണുകളിൽനിന്ന് സഹായ വാഗ്ദാനങ്ങൾ വന്നിട്ടുണ്ട് എന്നാൽ
സ്നേഹപൂർവം
നിരസിക്കുകയായിരുന്നെന്നും നാരായണൻ പറഞ്ഞു.പാർട്ടി ജില്ല സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിലും നാരയണൻ്റെ ചികിത്സയ്ക്കു ആവശ്യമായ എല്ലാ കാര്യങ്ങളും പാർട്ടി വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.