കുഴൽപ്പണക്കേസിനെ ചൊല്ലി സഭയില്‍ ഭരണ- പ്രതിപക്ഷ വാക്പോര്; കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് വി ഡി സതീശന്തെളിവുണ്ടെങ്കിൽ പുറത്ത് വിടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ബി.ജെ.പി കള്ളപ്പണക്കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് അന്വേഷണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സംഘപരിവാറിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണത്തില്‍ ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഒത്തുതീര്‍പ്പിന്റെ വിവരമുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷാഫി പറമ്പില്‍ എം.എല്‍.എയായിരുന്നു നോട്ടീസ് നല്‍കിയത്.കള്ളപ്പണം ഒഴുക്കി കേരളത്തില്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. കേസില്‍ കര്‍ണാടകയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പേര് കൂടി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളെ ചേര്‍ക്കാന്‍ ബി.ജെ.പി പണം കൊടുത്തു. മഞ്ചേശ്വരത്ത് വീടുകളില്‍ പണം കൊടുത്തു. കേസില്‍ ഗൌരവത്തോടെ അന്വേഷണം വേണം. ആ ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണം. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് .പൊലീസിന് മേല്‍ സമ്മര്‍ദത്തിന് സാധ്യതയുണ്ട്. അത് പാടില്ല. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് കരുതേണ്ടി വരും. ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണമാണ്. ബി.ജെ.പി കള്ളപ്പണം കൈകാര്യം ചെയ്യുകയാണ്. കൊടകരയില്‍ വാഹനം പിടിക്കപ്പെട്ടത് പല ജില്ലകളിലും പണം വിതരണം ചെയ്ത് വരുമ്പോള്‍ പൊലീസ് നേരെ നിന്ന് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സംഘം അന്വേഷിക്കുന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തില്‍ 96 സാക്ഷികളുടെ മൊഴി എടുത്തു. 20 പ്രതികള്‍ പിടിയിലായി. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.ഇഡി ആവശ്യപ്പെട്ട വിവരങ്ങള്‍ ജൂണ്‍ ഒന്നിന് കൈമാറി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.