കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ്; ഒരു ലക്ഷം പുതിയ രോഗികളും 2427 മരണവും
ന്യുഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തില്‍ രാജ്യത്ത് ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 1,00,636 ആയി കുറഞ്ഞു. 2427 പേര് മരിച്ചു. ഇന്നലെ 1,74,399 പേര് രോഗമുക്തരായി. 14 ലക്ഷം പേരാണ് സജീവ രോഗികള്‍.
ഇതുവരെ 2,89,09,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,71,59,180 പേര് രോഗമുക്തരായി. ആകെ 3,49,186 പേര് മരിച്ചു. 14,01,609 ആണ് സജീവ രോഗികള്‍. 23,27,86,482 ഡോസ് വാക്സിന് വിതരണം ചെയ്തു കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഇന്നലെ നടത്തിയ കോവിഡ് സാംപിള്‍ ടെസ്റ്റില്‍ കാര്യമായ കുറവുണ്ടായി. ഇന്നലെ 15,87,589 ടെസ്റ്റുകളാണ് നടന്നത്. സാധാരണ ഈ ദിവസങ്ങളില്‍ 20 ലക്ഷത്തോളം ടെസ്റ്റുകളാണ് നടന്നിരുന്നത്. 36,63,34,111 ടെസ്റ്റുകള്‍ ഇതുവരെ നടത്തിയെന്ന് ഐ.സി.എം.ആര് അറിയിച്ചു.
61 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ രോഗമുക്തി നിരക്ക് 93.94 ശതമാനമാണ്. പ്രതിദിന രോഗബാധ നിരക്ക് 6 ശതമാനവുമാണ്.
രാജ്യത്തിന്റെ തെക്ക്, വടക്ക് മേഖലകള്‍ തമ്മില്‍ രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും കാര്യമായ വ്യത്യാസമുണ്ട്. പ്രതിദിന കേസുകള്‍ ഏറ്റവും കുറവ് രോഗപ്പെടുത്തിയിരിക്കുന്നത് ഹരിയാനയിലാണ്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് എടുത്താല്‍ പ്രതിദിന ശരാശരി കണക്ക് 8.9% ആണ്. രാജസ്ഥാന് (8.5%), ഡല്‍ഹി (8.2%), ബിഹാര്‍ (8.1%), ഉത്തര്‍പ്രദേശ് (7.8%), ഉത്തരാഖണ്ഡ് (7.6%) എന്നിങ്ങനെയാണ്.
അതേസമയം, തെക്കന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണത്തിലെ കുറവ് സാവകാശമാണ് രേഖപ്പെടുത്തുന്നത്. തമിഴ്നാട്ടില്‍ 2.7%, ആന്ധ്രാപ്രദേശില്‍ 4.2% ആണ്
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കൗമാരക്കാരിലെ വാക്സിന് പരീക്ഷണം തുടങ്ങുകയാണ്. 12-18 വയസ്സിനു മധ്യേ പ്രായമുള്ളവരിലാണ് മേയ് 11 മുതല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് എയിംസ് പരീക്ഷിക്കാനൊരുങ്ങുന്നത്. പട്ന എയിംസില്‍ കുട്ടികളിലെ പരീക്ഷണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിനു ശേഷം 6-12 വയസ്സിനിടിയിലുള്ളവര്ക്കും തുടര്‍ന്ന് 2-6 വയസ്സിനിടയിലുള്ളവരിലും പരീക്ഷണം നടക്കും.
രോഗവ്യാപാന നിരക്ക് കുറഞ്ഞതോടെ ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ ലോക്ഡൗണ്‍ ഇളവ് വന്നു. മാര്‍ക്കറ്റുകളും മാളുകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. ഡല്‍ഹി മെട്രോയില്‍ 50% യാത്രക്കരെ വച്ച് സര്‍വീസ് അനുവദിച്ചു. മാക്സും സാനിറ്റൈസറും അടക്കമുള്ളവ നിര്‍ബന്ധമാണ്.