ശബരിമല വിമാനത്താവളം, സില്‍വര്‍ ലൈന്‍, സിറ്റി ഗ്യാസ്, വ്യവസായ ഇടനാഴി; 22 പദ്ധതികള്‍ക്ക് മുന്‍ഗണന, അഞ്ചു കൊല്ലത്തിനുള്ളില്‍ കേരളത്തെ മാറ്റിമറിക്കാനുറച്ച് മുഖ്യമന്ത്രിവാര്ത്തയുമായി മംഗളം
തിരുവനന്തപുരം : ശബരിമല വിമാനത്താവളവും സില്‍വര്‍ ലൈന്‍ റെയില്വേയുമുള്പ്പെടെ 22 പദ്ധതികള്‍ വിവിധ വകുപ്പുകളുടെ ചുമതലയില്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടുത്തി നടപ്പാക്കാന്‍ തീരുമാനം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൂര്‍ത്തിയാക്കാനുള്ള നീക്കമാണു മുഖ്യമന്ത്രിയുടേത്. ഏറ്റവുമധികം പദ്ധതികള്‍ ഗതാഗത വകുപ്പിനു കീഴിലാണ്. രണ്ടാം സ്ഥാനത്തു വ്യവസായ വകുപ്പ്.
ശബരിമല വിമാനത്താവളം, സില്‍വര്‍ ലൈന്‍, തിരുവനന്തപുരം ലൈറ്റ് മെട്രോ തുടങ്ങി ആറു വലിയ പദ്ധതികളാണു ഗതാഗത വകുപ്പിന്റെ ചുമതലയിലുള്ളത്. ശബരിമല മാസ്റ്റര്‍ പ്ലാനും ഇടത്താവളവും റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും. സിറ്റി ഗ്യാസ് പദ്ധതി വ്യവസായ വകുപ്പിനു കീഴിലാക്കി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടക്കമിട്ട കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കു പുറമേ കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴിയും വ്യവസായ വകുപ്പ് ഏറ്റെടുക്കും.
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് റിസര്‍ച്ച്, ആക്കുളം കായല്‍ പുനരുദ്ധാരണ പദ്ധതി എന്നിവയും മുന്‍ഗണനാ പട്ടികയിലുണ്ട്. ഏറെ മുന്നോട്ടുപോയ ദേശീയ ജലപാത, കെ-ഫോണ്‍, മലയോര ഹൈവേ, എല്‍.ഇ.ഡി. വിളക്കുകളിലേക്കു മാറാനുള്ള ‘നിലാവ്’ പദ്ധതി എന്നിവയും പട്ടികയിലുണ്ട്. നിലാവ് വൈദ്യുതിബോര്‍ഡും തദ്ദേശ ഭരണവകുപ്പും സംയുക്തമായാണു നടപ്പാക്കുക. മാലിന്യത്തില്‍നിന്നു വൈദ്യുതി, മൂന്നാര്‍ സുസ്ഥിര ആസൂത്രണ-വികസന പദ്ധതി എന്നിവയും തദ്ദേശ ഭരണ വകുപ്പ് നടപ്പാക്കും. മാലിന്യത്തില്നിന്നുവൈദ്യുതി പദ്ധതിയില്‍ വ്യവസായ വകുപ്പിനും പങ്കാളിത്തമുണ്ടാകും.
തലസ്ഥാനത്തെ ഔട്ടര്‍ റിങ് റോഡ് പദ്ധതി പൊതുമരാമത്ത്, ഗതാഗത വകുപ്പുകള്‍ക്ക് കീഴിലാണ്. കൊല്ലം, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി, വയനാട് ടണല്‍, തീരദേശഹൈവേ എന്നിവ പൊതുമരാമത്ത് വകുപ്പ് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും. കൊച്ചി-ബംഗളുരു ഇടനാഴി, തിരുവനന്തപുരം റിങ് റോഡ്, കൊല്ലം-ആലപ്പുഴ, കണ്ണൂര്‍ റോഡ് പദ്ധതികള്‍, മൂന്നാര്‍ വികസന പദ്ധതി എന്നിവയ്ക്കുള്ള സ്ഥലമെടുപ്പിന്റെ ചുമതല റവന്യു വകുപ്പിനാണ്. ടൂറിസം വകുപ്പ് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഏക പദ്ധതി ആക്കുളം കായല്‍ പുനരുദ്ധാരണമാണ്. കെ-ഫോണ്‍ ഐടി വകുപ്പിന്റെ ചുമതലയില്‍ തുടരും.